ബ്രിട്ടാസ് വെറും പൊട്ടാസാണെന്ന് അഡ്വക്കറ്റ് ജയശങ്കറുടെ പോസ്റ്റ്

ലോ അക്കാദമി സമരത്തിന്‍റെ വെളിച്ചത്തിൽ എസ്.എഫ്.ഐയെയും ബ്രിട്ടാസിനെയും പരിഹസിച്ച അഡ്വക്കറ്റ് ജയശങ്കറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു

29 ദിവസം നീണ്ട ലോ അക്കാദമി സമരം അവസാനിച്ചു. ലക്ഷ്മി മാഡം ഇനി ആ വളപ്പില്‍ കാലെടുത്ത് കുത്തരുത് എന്ന വിദ്യാര്‍ഥി(നി)കളുടെ ആവശ്യം മനസ്സില്ലാ മനസോടെ നാരായണന്‍ നായരും ബ്രിട്ടാസ് മുതലാളിയും അംഗീകരിച്ചു. എന്നാല്‍ അങ്ങനെയാവട്ടെ എന്ന നിലപാടിലേക്ക് പിണറായി സഖാവും എത്തി.
ഇതു പോലൊരു കൊലച്ചതി കുട്ടികള്‍ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല. അവര്‍ മാഡത്തിന്റെ പാചകത്തിലും ബ്രിട്ടാസിന്റെ വാചകത്തിലും വിശ്വാസമര്‍പ്പിച്ചു. ഡബിള്‍ ചങ്കനെ പേടിച്ച് ബാക്കി കുട്ടികളും സമരം നിര്‍ത്തി പോകുമെന്നു കരുതി.
അഞ്ചു കൊല്ലം മാറിനില്‍ക്കാമെന്ന ഉറപ്പു കിട്ടിയപ്പോള്‍ ധീര വിപ്ലവകാരികള്‍ ‘സമരം വിജയിച്ചേ വിജയിച്ചേ’ എന്ന് ആര്‍ത്തുവിളിച്ച് കൊടിയും ചുരുട്ടി പന്തലും പൊളിച്ചു സ്ഥലംവിട്ടു. ബാക്കിയുളളവര്‍ സമരത്തില്‍ ഉറച്ചുനിന്നു.
അക്കാദമിയുടെ ആധാരവും ആന്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും തര്‍ക്ക വിഷയമായപ്പോള്‍ പണി പാളി. നാരായണന്‍ നായര്‍ക്കു വിവേകമുദിച്ചു. മകള്‍ ആത്മഹത്യ ചെയ്യുമോ എന്ന പേടിയും മാറി. സമരം ഒത്തുതീര്‍പ്പാക്കി.
ബ്രിട്ടാസ് വെറും പൊട്ടാസാണെന്ന് ഇതോടെ വ്യക്തമായി. ഇതുപോലുളള പോങ്ങന്മാര്‍ ഉപദേഷ്ടാക്കളായി തുടരുന്നു എങ്കില്‍ പിണറായി പട്ടേലര്‍ അഞ്ചു കൊല്ലം തികയ്ക്കില്ല.
എത്തപ്പൈക്കാര്‍ ഇനി എന്തു ചെയ്യും? ലക്ഷ്മി രാജിവെച്ചില്ല എന്നു വാദിക്കാം, പക്ഷേ അതു വിലപ്പോകില്ല. കാരണം ഒരുമ്പിട്ടവളെ മേലില്‍ മതില്‍ക്കെട്ടിനകത്തു കയറ്റില്ലെന്ന് സ്വന്തം തന്ത കടലാസില്‍ എഴുതി കൊടുത്തിട്ടുണ്ട്. ലക്ഷ്മി തിരിച്ചു വന്നാല്‍ ഇടപെടുമെന്ന് മന്ത്രി സഖാവും രേഖാമൂലം സമ്മതിച്ചിട്ടുണ്ട്.
അതുകൊണ്ട് കുട്ടിസഖാക്കള്‍ക്ക് ഇനി ചെയ്യാവുന്നത് എന്തെന്നാല്‍ പിരിച്ചുവിട്ട ലക്ഷ്മിയെ തിരിച്ചെടുപ്പിക്കാന്‍ സമരം ആരംഭിക്കാം.
പേരൂര്‍ക്കട മഹാലക്ഷ്മി അക്കാദമിയുടെ അഭിമാനം!
പിരിച്ചുവിട്ടത് അന്യായം!
തിരിച്ചെടുക്കൂ തിരിച്ചെടുക്കൂ പുരട്ചി തലൈവിയെ തിരിച്ചെടുക്കൂ.
തോറ്റിട്ടില്ലാ തോറ്റിട്ടില്ലാ വിദ്യാര്‍ഥി സമരം തോറ്റിട്ടില്ലാ..