Thursday, May 2, 2024
HomeNationalഗൗരി ലങ്കേഷിന്റെ കൊലപാതകം; ഹിന്ദു യുവസേന സ്ഥാപകൻ നവീൻ കുമാറിനെ പ്രതിചേർത്തു

ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഹിന്ദു യുവസേന സ്ഥാപകൻ നവീൻ കുമാറിനെ പ്രതിചേർത്തു

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ.ടി. നവീൻ കുമാറിനെ പ്രതിചേർത്തു. മറ്റു പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചതായാണ് സൂചന. ഹിന്ദു യുവസേന സ്ഥാപകനും കർണാടക മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ സ്വദേശിയുമാണ്‌ കെ ടി നവീന്‍ എന്ന നവീന്‍കുമാർ. അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ ഇയാളെ കഴിഞ്ഞമാസം 18ന് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ അറസ്റ്റാണ് നവീൻ കുമാറിന്റേത്. അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ റിമാന്‍ഡിലായ നവീന്‍കുമാറിനെ ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷകസംഘം ബംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബർ മൂന്നിനും അഞ്ചിനും നവീൻ ഇവിടെ എത്തിയിരുന്നതായാണു സൂചന. ഗൗരിയെ വെടിവച്ച കൊലയാളിയെ ബൈക്കിൽ ഇവിടെയെത്തിച്ചത് നവീനാണെന്നും റിപ്പോർട്ടുകളുണ്ട്. കര്‍ണാടകത്തിലെ ഹിന്ദു യുവസേന സ്ഥാപകനായ നവീന്‍കുമാറിന് സനാതന്‍ സംസ്ഥ,ഹിന്ദു ജനജാഗ്രിതി സമിതി തുടങ്ങിയ ഹിന്ദു തീവ്രവാദസംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള സംഘടനയാണ് സനാതൻ സൻസ്ഥ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments