Friday, April 26, 2024
HomeKeralaകേരള രാഷ്ട്രീയത്തിലെ അതികായൻ ആയിരുന്ന കെ എം മാണി അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ അതികായൻ ആയിരുന്ന കെ എം മാണി അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ അതികായനും ആയിരുന്ന കെ എം മാണി (86) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണി അടക്കമുള്ള മക്കളും മരുമക്കളും പേരക്കുട്ടികളും മാണിക്കൊപ്പമുണ്ടായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് മാണിയെ എത്തിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്ബോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്നലെ മോശമായ മാണിയുടെ ആരോഗ്യനില ഇന്ന് രാവിലെ അല്‍പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ പതിനൊന്ന് മാണിയോടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു തുടങ്ങി. ഉച്ചയോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ കോട്ടയത്തുള്ള ജോസ് കെ മാണിയെ അടിയന്തരമായി ആശുപത്രിയിലേക്ക് വിളിപ്പിച്ചു.

ജോസ് കെ മാണി കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടു അല്‍പസമയം കഴിഞ്ഞ് വൈകിട്ട് 5.10-ഓടെ ലേക്ക് ഷോര്‍ ആശുപത്രി അധികൃതര്‍ മരണം ഔദ്യോഗികമായി പുറത്തുവിട്ടു. അവസാനനിമിഷങ്ങളിലും മാണി ബോധവാനായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബന്ധുക്കള്‍ വിളിക്കുമ്ബോള്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. അന്ത്യനിമിഷങ്ങളില്‍ ഭാര്യ കുട്ടിയമ്മയുടെ കൈ പിടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ കുടുംബകാരണവരുടെ അന്ത്യനിമിഷങ്ങളില്‍ ചുറ്റുമുണ്ടായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിക്കുകയും അത് വൃക്കയെ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറച്ചു കാലമായി മാണി വിശ്രമത്തിലായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ കേരള കോണ്‍ഗ്രസില്‍ രൂപം കൊണ്ട അഭ്യന്തര കലാപത്തില്‍ അദ്ദേഹം ശക്തമായ നിലപാട് എടുത്തു രംഗത്തു വന്നു. സീറ്റിനായി ജോസഫ് പക്ഷം ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയെങ്കിലും മാണി വിട്ടു കൊടുത്തില്ല. ഒടുവില്‍ വിശ്വസ്തനായ തോമസ് ചാഴിക്കാടനെ കോട്ടയം സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് മാണി അവസാനമായി നടത്തിയ ഔദ്യോഗിക പ്രതികരണം. ഇതുവഴി തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയും കേരള കോണ്‍ഗ്രസിലെ രണ്ടാമനും മകന്‍ ജോസ് കെ മാണിയാണെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ മാണിക്കായി.

നിലവില്‍ കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മാണിയുടെ മൃതദേഹം വൈകുന്നേരം അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി.സുധാകരന്‍, കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാണിയുടെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. മാണിയുടെ മരണത്തെ തുടര്‍ന്ന് കോട്ടയത്തേയും എറണാകുളത്തേയും എല്ലാ മുന്നണി സ്ഥാനാര്‍ഥികളും പ്രചാരണം അവസാനിപ്പിച്ചു.

കെഎം മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. എംബാം ചെയ്ത ചെയ്യുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും.

വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതിക മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക. കേരള രാഷ്ട്രീയത്തിലെ പ്രമുഖനേതാക്കളെല്ലാം മാണിക്ക് യാത്രാമൊഴി ചൊല്ലാന്‍ നാളെ കോട്ടയത്ത് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ഏറ്റവും ശക്തനായ നേതാവിന് അനുയോജ്യമായ യാത്രാമൊഴി ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍. കെഎം മാണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി .കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു മാണിയെന്ന് അദ്ദേഹം കുറിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിന് കെഎം മാണി നല്‍കിയ സംഭാവനകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓർമ്മകൾ അയവിറക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിക്കുക, 54 വര്‍ഷത്തോളം തുടര്‍ച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരുപാട് റെക്കോര്‍ഡുകള്‍ കെ.എം. മാണിയുടേതായുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം. മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു . കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു മാണി സാര്‍ എന്ന് കുമ്മനം രാജശേഖരൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.കെഎം മാണി രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് വിഎസ് പറഞ്ഞു. ഉന്നതനായ രാഷ്ട്രീയ നേതാവ്, പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, വാഗ്മി തുടങ്ങിയ നിലകളിലെല്ലാം കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ എം മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തില്‍ വലിയൊരു വിടവാണ് സൃഷ്ടിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യു.ഡി.എഫിനെ സംബന്ധിച്ചെടുത്തോളം മുന്നണിയുടെ ഏക്കാലത്തെയും തലതൊട്ടപ്പനായിരുന്ന നേതാവാണ് മാണി സര്‍ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ . കേരള രാഷ്ട്രീയത്തിലും ഏറ്റവും പരിണിതപ്രജ്ഞനായിട്ടുള്ള പക്വമതിയായ അനുഭവ സമ്പത്തുമുള്ള നേതാവാണ് അദ്ദേഹമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു . മാണി സമര്‍ത്ഥനായ സംഘാടകനും ഭരണാധികാരിയുമായിരുന്നെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള അനുസ്മരിച്ചു. കേരളം കണ്ട അതുല്യപ്രതിഭയായിരുന്നു കെ എം മാണിയെന്ന് പി ജെ ജോസഫ് ഫേസ്ബുക് പോസ്റ്റിട്ടു. ഐക്യജനാധിപത്യമുന്നണിയുടെ ശക്തനായ പടത്തലവനായിരുന്നു കെ എം മാണിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഓര്‍മ്മിച്ചു.

കെ.എം. മാണിയുടെ ജീവിതം ഒറ്റനോട്ടത്തില്‍

പുരോഹിതനാകാന്‍ കൊതിച്ചുവെങ്കിലും അഭിഭാഷകനായി രാഷ്ട്രീയത്തിലെത്തിയ വ്യക്തിയാണ് മാണി സർ. കോട്ടയം മരങ്ങാട്ടുപള്ളിയില്‍ 1933-ല്‍ ജനനം പിതാവ് തൊമ്മന്‍ മാണി, മാതാവ് ഏലിയാമ്മ
മരങ്ങാട്ട് പള്ളി സെന്‍റ്തോമസ്, കടപ്ലാമറ്റം സെന്‍റ് ആന്‍റണീസ്, കുറുവിലങ്ങാട് സെന്‍റ് മേരീസ്, പാലാ സെന്‍റ് തോമസ്, എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
തിരുച്ചിറപ്പിള്ളി സെന്‍റ് ജോസഫ്സ്, തേവര സേക്രട്ട് ഹാര്‍ട്ട്സ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം.

1955-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്നും നിയമബിരുദം
1957-ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവും പ്രഥമ പ്രതിപക്ഷനേതാവുമായ പിടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം ചെയ്തു. ദമ്ബതികള്‍ക്ക് ആറ് മക്കള്‍ – ജോസ് കെ മാണി, എല്‍സ, ആനി, സാലി, ടെസി, സ്മിത.

1959- സജീവ രാഷ്ട്രീയത്തിലേക്ക്, കെപിസിസി അംഗത്വം
1963-ല്‍ അന്നത്തെ അഭ്യന്തരമന്ത്രിയായ പിടി ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെടുന്നു. സംഭവസമയം കാറില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന ആരോപണം കേരള രാഷ്ട്രീയത്തെ മൊത്തത്തില്‍ ഇളകിമറിച്ചു. 1964-ല്‍ മാണി കോട്ടയം ഡിസിസി സെക്രട്ടറിയായി. അതേ വര്‍ഷം പിടി ചാക്കോ ഹൃദയാഘാതം വന്നു മരിക്കുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെഎം ജോര്‍ജിന്‍റെ നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് പിളര്‍ത്തി പുറത്തു വന്നു. കെഎം ജോര്‍ജ്, ആര്‍.ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി ജനിക്കുന്നു.

1965- ല്‍ കോണ്‍ഗ്രസ് വിട്ട് കെഎം മാണി കേരള കോണ്‍ഗ്രസില്‍ ചേരുന്നു. അതേ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം രൂപം കൊണ്ട പാലാ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. പാലായുടേയും മാണിയുടേയും കന്നിയങ്കത്തില്‍ ജയിച്ചു കയറി മാണി എംഎല്‍എയായി.

1972- കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്. സ്ഥാപക ജനറല്‍ സെക്രട്ടറിമാരായ മാത്തച്ചനും ആര്‍.ബാലകൃഷ്ണപിള്ളയും പാര്‍ട്ടി വിട്ടു.
1975- അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി മാണി
1977ല്‍ ആഭ്യന്തരമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായി
1979ല്‍ കേരള കോണ്‍ഗ്രസ് എം രൂപീകരിച്ചു
1980ല്‍ നായനാര്‍ മന്ത്രിസഭയിലംഗമായി
1982ല്‍ യുഡിഎഫിലെത്തി ; ധനമന്ത്രിയായി
1991ല്‍ റവന്യൂമന്ത്രിയായി
2001ല്‍ വീണ്ടും റവന്യൂമന്ത്രിയായി
2011ല്‍ ധനമന്ത്രിയായി
2015ല്‍ ബാര്‍കോഴയില്‍ കുടുങ്ങി രാജി
2016ല്‍ യുഡിഎഫ് വിട്ടു
2018ല്‍ യുഡിഎഫില്‍ തിരിച്ചെത്തി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിപ്പിച്ചു. ഇന്നത്തെ പ്രചാരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും പക്ഷേ പ്രചാരണത്തിന് കുറച്ചു ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ നാളെ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മറ്റന്നാള്‍ പ്രചാരണം മാണിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാവൂ.ബുധനാഴ്ച വൈകിട്ട് മൂന്ന് പാലായില്‍ വച്ചാണ് മാണിയുടെ സംസ്‌കാരം നടക്കുക. `

RELATED ARTICLES
- Advertisment -

Most Popular

Recent Comments