എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യ; വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ് എഫ് ഐ, കെ എസ്‌ യു,  എം എസ് എഫ് , എ ബി വി പി, പ്രവര്‍ത്തകരാണ് കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ കോളേജിനും പോലീസിനും നേരെ കല്ലെറിഞ്ഞു. കോളേജ് ഓഫീസും ക്ലാസ് മുറികളും ഉപകരണങ്ങളും തല്ലി തകര്‍ത്തു. പോലീസ് ജീപ്പിന്റെ ചില്ല് പ്രവര്‍ത്തകര്‍ എറിഞ്ഞ് തര്‍ത്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. വിദ്യാര്‍ഥികള്‍ കോളജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചതിന് ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ മരണപ്പെടുന്നതിന് മുന്‍പ് ജിഷ്ണു ശാരീരിക പീഡനത്തിനിരയായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ജിഷ്ണുവിന്റെ ശരീരത്തില്‍ പരിക്കേറ്റ അടയാളങ്ങളുണ്ടെന്നും ഇത് മര്‍ദനത്തിനിരയായതിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു. കോപ്പിയടിച്ചുവെന്നാരോപിച്ച് പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതാണ് ജിഷ്ണു ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സഹപാഠികള്‍ ആരോപിച്ചു. വിദ്യാര്‍ഥിയുടെ ആത്മഹത്യ സംബന്ധിച്ച് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ നെഹ്‌റു കോളേജിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.