തൃശൂര്‍ > പതിവുതെറ്റിയില്ല. ഇക്കുറിയും സ്വര്‍ണക്കപ്പ് കോഴിക്കോടിനുതന്നെ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കോഴിക്കോട് ഒരിക്കല്‍ക്കൂടി കലാകിരീടം സ്വന്തമാക്കി. പാലക്കാടാണ് രണ്ടാംസ്ഥാനത്ത്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് കോഴിക്കോട് 19ാംതവണയും നൂറ്റിപ്പതിനേഴരപ്പവന്റെ കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞതവണയും പാലക്കാടിനുമേല്‍ മൂന്ന് പോയിന്റിനാണ് കോഴിക്കോട് വിജയിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി 12ാംതവണയാണ് കോഴിക്കോട് വിജയകിരീടം അണിയുന്നത്. ഇതില്‍ 2015ല്‍ പാലക്കാടുമായി കപ്പ് പങ്കിട്ടു. മലപ്പുറം മൂന്നാംസ്ഥാനവും കണ്ണൂരും തൃശൂരും നാലാംസ്ഥാനവും നേടി. കോഴിക്കോടിന് 895 പോയിന്റുംപാലക്കാടിന് 893 പോയിന്റുമാണ്്. മൂന്നാംസ്ഥാനത്തുള്ള മലപ്പുറത്തിന് 875 പോയിന്റാണ്. 865 പോയിന്റോടെ കണ്ണൂര്‍ നാലാംസ്ഥാനത്തും 864 പോയിന്റോടെ തൃശൂര്‍ അഞ്ചാംസ്ഥാനത്തുമാണ്. തുടക്കംമുതല്‍തന്നെ കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമായിരുന്നു. ഏറ്റവും ഒടുവില്‍ ബുധനാഴ്ച മത്സരം തുടങ്ങുമ്പോഴും രണ്ട് പോയിന്റിന്റെ ലീഡാണ് കോഴിക്കോടിന് ഉണ്ടായിരുന്നത്. സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയശേഷം 1991ലാണ് കോഴിക്കോട് ആദ്യമായി ജേതാക്കളാകുന്നത്. ’92, ’93 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 2001, 2002, 2004, 2005 വര്‍ഷങ്ങളിലും കപ്പ് സ്വന്തമാക്കി. 2007 മുതലാണ് കലോത്സവത്തിലെ ജൈത്രയാത്ര കോഴിക്കോട് തുടങ്ങുന്നത്. 2015ല്‍ പാലക്കാടുമായി കപ്പ് പങ്കിടേണ്ടിവന്നു എന്നതൊഴിച്ചാല്‍ സ്വര്‍ണക്കിരീടം കോഴിക്കോടിന്റെ മാത്രമായി. 2006ല്‍ എറണാകുളത്ത് നടന്ന കലോത്സവത്തിലാണ് പാലക്കാട് ആദ്യമായി കപ്പ് നേടുന്നത്. 2015ല്‍ കോഴിക്കോടുമായി കപ്പ് പങ്കിടുകയും ചെയ്തു. കഴിഞ്ഞവര്‍ഷം കണ്ണൂരില്‍ രണ്ടാംസ്ഥാനത്ത് എത്തി. മൂന്നാംസ്ഥാനം നേടിയ മലപ്പുറം ഇതുവരെ സ്വര്‍ണക്കപ്പ് നേടിയിട്ടില്ല. നാലാംസ്ഥാനക്കാരായ കണ്ണൂര്‍ രണ്ടുതവണ ജേതാക്കളാവുകയും ഒരിക്കല്‍ എറണാകുളവുമായി കപ്പ് പങ്കിടുകയും ചെയ്തു. അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന ആതിഥേയരായ തൃശൂര്‍ 1994, ’96, ’99 വര്‍ഷങ്ങളില്‍ കപ്പ് നേടിയിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി 12ാംതവണ സ്വര്‍ണക്കപ്പ് കോഴിക്കോടിന്
RELATED ARTICLES