കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനം നടത്തിയ എഴുത്തുകാരനു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിദേശ സന്ദർശനത്തിനിടെ സിംഗപ്പൂരിലെ ഒരു സംവാദ പരിപാടിയിൽ എഴുത്തുകാരൻ കൂടിയായ പി.കെ. ബസു രാഹുലിനെ കുഴപ്പിക്കുന്ന ചോദ്യം ചോദിക്കുന്നതും രാഹുലിന്റെ മറുപടിയുമടങ്ങുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നിങ്ങളുടെ കുടുംബം ഇന്ത്യ ഭരിക്കുന്പോൾ ഈ രാജ്യത്തിന്റെ ആളോഹരി വരുമാനം ലോക ശരാശരിയെക്കാളും തീരെ കുറവായിരുന്നു. എന്നാൽ നിങ്ങളുടെ കുടുംബത്തിലുള്ളവർ പ്രധാനമന്ത്രി പദം വിട്ടപ്പോൾ ആളോഹരി വരുമാനം വേഗത്തിൽ വർധിച്ചു. ഇത് എന്തുകൊണ്ടാണ് എന്നായിരുന്നു ബസുവിന്റെ കോണ്‍ഗ്രസ് അധ്യക്ഷനോടുള്ള ചോദ്യം.കോണ്‍ഗ്രസിനെയും കുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്തിയ ബസുവിന്റെ ചോദ്യത്തിനുമുന്നിൽ പ്രകോപിതനാകാതെ, വളരെ പക്വതയോടെയായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസാണ് ഈ രാജ്യത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നു പറയുന്നതും കോണ്‍ഗ്രസാണ് രാജ്യത്തിന്റെ എല്ലാ നേട്ടങ്ങൾക്കും പുരോഗതിക്കും കാരണം എന്നു പറയുന്നതും ഒരുപോലെ തെറ്റാണെന്നും ഇന്ത്യയുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഈ നേട്ടങ്ങളിൽ കോണ്‍ഗ്രസിനു യാതൊരു പങ്കുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും ഹരിത വിപ്ലവം, ടെലികോം വളർച്ച, ഉദാരവത്കരണം തുടങ്ങിയവ ചൂണ്ടിക്കാട്ടി രാഹുൽ മറുപടി നൽകി.നിങ്ങൾ എന്നോടു സംസാരിച്ചതു പോലെ നരേന്ദ്ര മോദിയോട് ഇടപെടാൻ കഴിയില്ലെന്നും മോദി നിങ്ങളോട് ഒരിക്കലും ഇങ്ങനെയായിരിക്കില്ല പെരുമാറുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് രാജ്യത്തിനായി ഒന്നും ചെയ്തില്ല എന്നു കരുതുന്നവരുണ്ടെങ്കിൽ അവർ പുതിയൊരു പുസ്തകം എഴുതണമെന്നും എഴുത്തുകാരനെന്നു സ്വയം പരിചയപ്പെടുത്തിയ പി.കെ. ബസുവിനോടു രാഹുൽ പറഞ്ഞു.
കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനം നടത്തിയാൾക്ക് രാഹുലിന്റെ ചുട്ട മറുപടി
RELATED ARTICLES