വസ്ത്രമുരിഞ്ഞ് അധിക്ഷേപിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി തേക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ജമ്മു കശ്മീരിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായ യുവതിയുടെ പരാതി. ജമ്മുവിലെ കാനചാക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജമ്മുവിലെ കോടതി ഉത്തരവിട്ടു.
28 വയസുള്ള വിവാഹിതയായ യുവതിയെ, അവർ വീട്ടുജോലിക്കു നിൽക്കുന്ന വീട്ടുകാരുടെ പരാതി പ്രകാരം ഏപ്രിൽ 30നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ നടന്ന മോഷണത്തിനു പിന്നിൽ ഇവരാണെന്നായിരുന്നു പരാതി. തുടർന്ന് ചോദ്യം ചെയ്യാൻ യുവതിയെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
അവിടെവച്ച് സ്റ്റേഷൻ ഹൗസ് ഓഫിസറും വനിതാ കോൺസ്റ്റബിളും ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. പരസ്യമായി തുണിയുരിഞ്ഞ് അപമാനിക്കുകയും ലൈംഗിമായി പീഡിപ്പിക്കുകയും ചെയ്തു. നാലു ദിവസം അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയശേഷം മേയ് മൂന്നിനാണ് തന്നെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. അന്വേഷിച്ചെത്തിയ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് നിഷ്ഠൂരമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ രക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നതായി യുവതിയുടെ അഭിഭാഷകൻ വിജയ കുമാർ അത്രി പറഞ്ഞു. ഇതിനായി മെഡിക്കൽ റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതായും അദ്ദേഹം ആരോപിച്ചു. യുവതിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി നിർദേശമനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. എന്നാൽ, കാനചാക് പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസർ രാജേഷ് ശർമ ആരോപണം നിഷേധിച്ചു.