പൊലീസ് സ്റ്റേഷൻ പെയിന്റടി വിവാദം വിശദീകരണവുമായി ബെഹ്റ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് കത്ത് അയച്ചു. പൊലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിനു നൽകിയ വിശദീകരണത്തിൽ മുൻ പൊലീസ് മേധാവിയും നിലവിൽ വിജിലൻസ് ഡിജിപിയുമായ ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസ് മേധാവി ഡിജിപി ടി.പി. സെൻകുമാറിന്റെ അന്വേഷണ ഉത്തരവിനെത്തുടർന്നാണു വിശദീകരണം നൽകിയത്. പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ നിറമാക്കാൻ തീരുമാനിച്ചത് സെൻകുമാറിന്റെ കാലത്താണ്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് നിറം നിർദേശിച്ചതെന്നും ബെഹ്റ വ്യക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് ഇന്നലെ സെൻകുമാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബെഹ്റയുടെ ഉത്തരവുകൾ സെൻകുമാർ റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാൽ കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാൻ താൻ ഉത്തരവിട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബെഹ്റ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ച വിശദീകരണ കത്തിൽ പറയുന്നു. 2015ൽ ടി.പി. സെൻകുമാർ ഡിജിപിയായിരുന്ന സമയത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാൻ തീരുമാനിച്ചത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിക്ക് കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനെ ചുമതലപ്പെടുത്തി. നിറമായി ഒലീവ് ബ്രൗൺ തിരഞ്ഞെടുക്കുകയും ചെയ്തു. പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്ത പേരൂർക്കട സ്റ്റേഷനിൽ അന്നത്തെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി അനിൽകാന്തിന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി. ഇതിനുശേഷമാണ് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും പുതിയ പെയിന്റടിക്കാൻ നിർദേശം നൽകിയത്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണന്നും ബെഹ്റ കത്തിൽ പറയുന്നു