മഹാരാഷ്ട്രയിലും കര്‍ണാടകയിലും കനത്ത മഴ;2.05 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പിൽ

karanataka flood

കനത്തനാശം വിതച്ച്‌ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി ഇതുവരെ 32 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏഴുദിവസമായി തുടരുന്ന മഴയില്‍ അകപ്പെട്ട 2.05 ലക്ഷംപ്പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. നിരവധിപ്പേരെ കാണാതായി.

വെള്ളത്തില്‍ മുങ്ങിയ സാംഗ്ലിയില്‍ 14, കോലാപ്പൂരില്‍ 4, സത്രയില്‍ 7, പുനെയില്‍ 6, സോളാപ്പൂരില്‍ 1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍. സാംഗ്ലിയിലെ ബ്രാഹ്മണാല്‍ ഗ്രാമത്തില്‍ രക്ഷാദൗത്യത്തിനെത്തിയ ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ച സംഭവത്തില്‍ 5 പേരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദുരിബാധിത മേഖലകളില്‍ ഹെലികോപ്ടര്‍ സന്ദര്‍ശനം നടത്തി. ഉള്‍ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച്‌ രക്ഷപെടുത്താന്‍ തുടങ്ങി. ഭക്ഷ്യസാധനങ്ങളും ആകാശമാര്‍ഗ്ഗം വിതരണം ചെയ്യുന്നുണ്ട്. മുംബയ്, താനെ, പുനെ തുടങ്ങിയ നഗരങ്ങളില്‍ ആഹാരസാധനങ്ങള്‍ ക്ഷാമമുണ്ട്. ഇഞ്ചിയുള്‍പ്പെടെയുള്ള പല അവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നതായും ആക്ഷേപമുണ്ട്.

കനത്തമഴയിലും മണ്ണിടിച്ചിലിലും പെട്ട് വലയുകയാണ് കര്‍ണാടക. കൊടക് കൊരംഗളയില്‍ വീട് തകര്‍ന്നു വീണ് 5 പേര്‍ മരിച്ചതുള്‍പ്പെടെ ഇതുവരെ 16 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് വിവരം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 100കോടി രൂപ വകയിരുത്തിയതായും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5ലക്ഷം രൂപാവീതം നല്‍കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം, കരസേനയും, വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന കര്‍ണാടകയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.

ബെലഗാവി, ബാഗല്‍കോട്ട്, വിജയപുര, റായ്ച്ചൂര്‍ തുടങ്ങി 15 ജില്ലകള്‍ വെള്ളത്തിനടിയിലായി. 2 ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ്.

കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. റോഡ്, ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. ദീര്‍ഘദൂര സര്‍വീസുകളടക്കം 18 ട്രെയിനുകള്‍ റദ്ദാക്കി. ബംഗളൂരു പുനെ ദേശീയപാത കോലാപൂരിന് സമീപം തകര്‍ന്നതിനെത്തുടര്‍ന്ന് ബെളഗാവി ജില്ല ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ചാര്‍മാടി ചുരം 2 ദിവസത്തേക്ക് അടച്ചു.

ചൊവ്വാഴ്ച മുതല്‍ ചുരത്തില്‍ പലയിടങ്ങളിലായി 100 കണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ബെളഗാവി, ബാഗല്‍കോട്ട്, വിജയാപുര, റായ്ചൂര്‍, ഹുബ്ബള്ളി, ധാര്‍ഡവാട് , ചിക്കൊഡി, കാര്‍വാര്‍ ഇില്ലകളില്‍ മിക്ക പ്രദേശങ്ങളും നാല് ദിവസമായി വെള്ളത്തിനടിയിലാണ്.

മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ട്കൂടി തുറന്ന് വിട്ടതിനെത്തുടര്‍ന്ന് കൃഷ്ണ നദിക്കുപുറമെ മാര്‍ക്കണ്ഡേയ, മാലപ്രഭ അടക്കം നാല് നദികള്‍ കൂടി കരകവിഞ്ഞൊഴുകുകയാണ്. ഒട്ടേറെ വീടുകളും പാലങ്ങളും ഒഴുകിപ്പോയി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. കുടക് ചിക്കമംഗളൂരു , ഹാസന്‍, ശിവമോഗ്ഗ, ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും മഴ തുടരുകയാണ്. അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.