മോഷണം ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ചു പരിശോധിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. അധ്യാപകരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികളെ നഗ്നരാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തു.രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതായി അലിരാജ്പൂര്‍ എസ്.പി വിപുല്‍ ശ്രീവാസ്തവ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടറും സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. തന്റെ പണം മോഷ്ടിക്കപ്പെട്ടുവെന്ന് ഒരു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. വസ്ത്രാക്ഷേപത്തിന് ഇരയായ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് പണം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ ഇവരുടെ വസ്ത്രം അഴിച്ച് പരിശോധന നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു.