മഞ്ഞിനിക്കരയിൽ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹം തേടി പതിനായിരങ്ങൾ

മഞ്ഞിനിക്കരയിൽ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹം തേടി പതിനായിരങ്ങൾ

മഞ്ഞിനിക്കരയിൽ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹം തേടി പതിനായിരങ്ങൾ
പത്തനംതിട്ടയുടെ വിരിമാറിൽ ഓമല്ലൂരിന്‌ സമീപമുള്ള മഞ്ഞിനിക്കര ദയറാ പള്ളിയിലേക്ക് ചുവടുകൾ വയ്ക്കുന്ന എല്ലാ വിശ്വാസികളുടെ അധരങ്ങളിൽ നിന്നും ഒരേ മന്ത്രം മാത്രം. പരിശുദ്ധ മോറൊനെ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെ . കേരളത്തിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ മഞ്ഞിനിക്കരയിലേക്ക് മോര്‍ ഏലിയാസ് ത്രിദ്വിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹം തേടി പതിനായിരങ്ങൾ കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്. പത്തനംതിട്ട നഗരത്തിലെ എല്ലാ കോണുകളിൽ നിന്നും ഉയർന്നത് മഞ്ഞിനിക്കരയിലേക്കുള്ള കാല്‍നട തീര്‍ത്ഥാടകരുടെ പ്രാര്ഥനശബ്ദമായിരുന്നു. ഒരാഴ്ച മുമ്പ് ആരംഭിച്ച കാല്‍നട തീര്‍ത്ഥയാത്രകൾക്കാണ് ഇന്ന് മഞ്ഞിനിക്കരയിൽ സമാപനം കുറിച്ചത്. മഞ്ഞിനിക്കര ദയറയുടെയും മോര്‍ സ്‌തേഫാനോസ് പള്ളിയുടെയും നേതൃത്വത്തിൽ സംഘങ്ങള്‍ക്ക് ഓമല്ലൂര്‍ കുരിശടിയില്‍ സ്വീകരണം നല്‍കി. പ്രധാന സംഘമായ വടക്കന്‍ മേഖലാ തീര്‍ത്ഥയാത്രയെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് സ്വീകരിച്ച് ദയറായിലേക്ക് ആനയിച്ചു. കൂടാതെ ഗീവര്‍ഗീസ് മോര്‍ കുറിലോസ് കാല്‍നട തീര്‍ത്ഥാടകരായ ഹൈറേഞ്ച്, കിഴക്കന്‍ മേഖല , തെക്കന്‍ മേഖല സംഘങ്ങളെയും കുരിശടിയില്‍ സ്വീകരിച്ചു.
കുരിശടിയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ്, ഇ കെ മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പ, ആന്റോ ആന്റണി എം.പി, വീണ ജോര്‍ജ്ജ് എം. എല്‍.എ , എം.ബി. സത്യന്‍, എ. സുരേഷ് കുമാര്‍, സക്കീര്‍ ഹുസൈന്‍, രവീന്ദ്രാവര്‍മ്മ ,രാജന്‍ ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പുലർച്ചെ മൂന്നിന് യൂഹാന്നോൻ മാർ മിലിത്തിയോസിന്റെ കാർമികത്വത്തിലും 5 : 30 നു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവായുടെ കാർമികത്വത്തിലും കുർബ്ബാന നടത്തി. സമാപന റാസയും നേർച്ചവിളബും പൂർത്തിയാക്കി പെരുന്നാളിന് തിരശീല വീണു.