വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ പീഡനം മൂലമെന്നാരോപിച്ച് കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോളേജ് അടിച്ചു തകര്‍ത്തു. കോടികളുടെ നഷ്ടം. കല്ലേറില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്ക്. എബിവിപി പ്രവര്‍ത്തകരും പിന്നീട് കോളേജിലേക്ക് മാര്‍ച്ച് നടത്തി.
കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി തിരുവനന്തപുരം കിളിമാനൂര്‍ പുതിയകാവ് പാര്‍പ്പിടം വീട്ടില്‍ ആര്‍ഷ രാജിന്റെ ആത്മഹത്യാശ്രമത്തിനു പിന്നില്‍ മാനേജ്‌മെന്റിന്റെ പീഡനമാണെന്ന് ആരോപിച്ച് ഇന്നലെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്, സെക്രട്ടറി എം. വിജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കോളേജിനുള്ളിലെ ഗുരുമന്ദിരം, കോളേജ് പ്രവേശന കവാടം, പ്രധാന കെട്ടിടത്തിന്റെ മുന്‍വശത്തെ ചില്ലുകള്‍, ഓഫീസ്, സ്വീകരണ മുറി, ലാബുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, മാനേജ്‌മെന്റ് കാര്‍ എന്നിവ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു. ഓഫീസ് മുറിയിലെ ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടറുകള്‍ തകര്‍ത്ത സംഘം സിസി ടിവി കാമറകളും നശിപ്പിച്ചു. അക്രമം നടക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി.
എസ്എഫ്‌ഐക്കാരേക്കാള്‍ കൂടുതല്‍ ഡിവൈഎഫ്‌ഐക്കാരായിരുന്നു മാര്‍ച്ചില്‍ പങ്കെടുത്തത്. വലിയ കമ്പുകളും രണ്ടിഞ്ച് കനമുള്ള കൂര്‍ത്ത മെറ്റല്‍ കഷണവുമായാണ് അക്രമിസംഘം എത്തിയത്. അക്രമികളുടെ കല്ലേറിലാണ് ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള, വള്ളികുന്നം എസ്‌ഐ ജഗദീഷ്, മാന്നാര്‍ എസ്‌ഐ ശ്രീജിത്ത്, മാവേലിക്കര സിപിഒ അഖില്‍രാജ് എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിലും കറ്റാനം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോളേജില്‍ അക്രമം നടത്തിയതിന് എസ്എഫ്‌ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 250പേര്‍ക്കെതിരെ കേസ് എടുത്തതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള അറിയിച്ചു. ആര്‍ഷ് രാജിന്റെ പരാതിയില്‍ കോളേജ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനും കോളജ് പ്രിന്‍സിപ്പല്‍ ഗണേശിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് വള്ളികുന്നം പോലീസ് കേസ് എടുത്തു.
എബിവിപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. വിദ്യാര്‍ത്ഥിക്ക് നീതി ലഭിക്കും വരെ ശക്തമായ പോരാട്ടങ്ങള്‍ തുടരുമെന്ന് എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ എസ്. ഹരിഗോവിന്ദ് അറിയിച്ചു.