ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സൈനികോദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി

kashmir

ഭീകരര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സൈനികോദ്യോഗസ്ഥനെ കശ്മീരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ലഫ്. ഉമ്മര്‍ ഫയാസാ (23)ണ് കൊല്ലപ്പെട്ടത്. മാതൃസഹോദരന്റെ മകളുടെ വിവാഹത്തിന് കുല്‍ഗാമിലെ ബതാപുരയിലേക്ക് വരവെ ഷോപിയാന്‍ ജില്ലയിലെ ബെഹിബാഗില്‍നിന്ന് ചൊവ്വാഴ്ച രാത്രി പത്തോടെയാണ് തട്ടിക്കൊണ്ടുപോയത്.

മൃതദേഹം വെടിയുണ്ടകളേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ ഷോപിയാനിലെ ഹെര്‍മൈനില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കുല്‍ഗാമിലെ സട്സോനഗ്രാമത്തില്‍ സംസ്കരിച്ചു. സൈനികരുടെ വിലാപയാത്രയിലേക്കും സംസ്കാരചടങ്ങിലേക്കും കല്ലേറുണ്ടായി.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് കഴിഞ്ഞ ഡിസംബറില്‍ സൈന്യത്തില്‍ ചേര്‍ന്ന ഫയാസ് ഹോക്കി, ബാസ്കറ്റ് ബോള്‍ കളിക്കാരനുമായിരുന്നു. 2 രജപുത്താന റൈഫിള്‍സ് റജിമെന്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉമ്മര്‍ ഫയാസിനെ വധിച്ചവരുടെ പ്രവൃത്തി ഭീരുത്വമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഉമ്മര്‍ ഫയാസിനെ വധിച്ചവര്‍ക്ക് തക്കമറുപടി നല്‍കുമെന്ന് രജപുത്താന റൈഫിള്‍സ് കമാന്‍ഡന്റ് ലഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു.

സൈന്യത്തിലും പൊലീസിലും സേവനം അനുഷ്ഠിക്കുന്നവര്‍ കശ്മീരില്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്ന് ജമ്മു കശ്മീര്‍ ഡിജിപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ, മധ്യ കശ്മീരില്‍ പൊലീസിനെ ഭീകരര്‍ ഭീഷണിപ്പെടുത്തുകയും ജോലി രാജിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.