Friday, April 26, 2024
HomeNationalപട്ടിണി സമരം നയിച്ച ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാവില്ല

പട്ടിണി സമരം നയിച്ച ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാവില്ല

ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം

മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിളയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിലംതൊടിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ ഇറോം ശര്‍മ്മിളക്ക് ലഭിച്ചത് കേവലം 90 വോട്ടു മാത്രം. സൈന്യത്തിന് നല്‍കിയ പ്രത്യേകാവകാശ നിയമമായ അഫ്‌സ്പക്കെതിരെ പട്ടിണി സമരം നയിച്ച് മണിപ്പൂരി ജനതയുടെ മനസ്സില്‍ ഇടം നേടിയ ഇറോം ശര്‍മ്മിള, ഒടുവില്‍ സമരം അവസാനിപ്പിച്ച് പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ജനവിധിയില്‍ പ്രതിഫലിച്ചില്ല. മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ് തന്നെയാണ് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയത്. അതും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്

പരാജയം നേരത്തെതന്നെ ഉറപ്പിച്ചിരുന്നുവെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറോം ശര്‍മ്മിള പ്രതികരിച്ചു. കിഴക്കന്‍ ഇംഫാലിലെ മന്ത്രിപുക്രിയില്‍ എച്ച്.ഐ.വി ബാധിതരായ കുട്ടികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലാണ് 44കാരിയായ ഇറോം ശര്‍മ്മിള ഇന്നലെ സമയം ചെലവിട്ടത്. കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം ലഭിക്കും. അതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അവര്‍ പറഞ്ഞു. മലയാളികളായ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് കാര്‍മല്‍ ജ്യോതി കോണ്‍വെന്റിനോടു ചേര്‍ന്ന് കുട്ടികള്‍ക്കുള്ള ഈ അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ നോട്ടക്കും പിന്നിലായിരുന്നു ഇറോം ശര്‍മ്മിളയുടെ സ്ഥാനം. പരാജയം താന്‍ അനുഭവിക്കുന്നുണ്ട്. അത് ജനങ്ങളുടെ കുറ്റമല്ല. അവര്‍ നിഷ്‌കളങ്കരാണ്. പണം നല്‍കിയവര്‍ക്ക് അവര്‍ വോട്ടു ചെയ്തു. അത് പലരും എന്നോട് പറഞ്ഞിരുന്നു- ഇറോം ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.
പരാജയപ്പെട്ടാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി മത്സര രംഗത്തിറങ്ങുമെന്ന് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തിരുത്തുകയാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ല. ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാവില്ല. ധാര്‍മ്മികമായി ഞാന്‍ പരാജയപ്പെട്ടതായി കരുതുന്നില്ല. അഫ്‌സ്പക്കെതിരായ പോരാട്ടം മറ്റുവേദികളിലൂടെ തുടരും. ജനങ്ങളെ സേവിക്കാന്‍ തയ്യാറുണ്ടെങ്കില്‍ അതിന് എല്ലായിടത്തും അവസരങ്ങളുണ്ട്- അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments