Friday, October 11, 2024
HomeNationalഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനൊരുങ്ങി പമ്പുടമകള്‍

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനൊരുങ്ങി പമ്പുടമകള്‍

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനൊരുങ്ങി പമ്പുടമകള്‍. പെട്രോള്‍ പമ്പുടമകളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റേതാണ് തീരുമാനം. പ്രവര്‍ത്തന സമയം കുറക്കാനും നീക്കമുണ്ട്. മെയ് 14മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. 50,000ത്തോളം പെട്രോളിയം ഡീലേഴ്‌സ് അടങ്ങുന്ന അസോസിയേഷനാണ് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ്.
പെട്രോള്‍ പമ്പ് നടത്തിപ്പിന്റെ ചിലവ് കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് നീക്കം. ഞായറാഴ്ചകളില്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക്
മാത്രമായിരിക്കും ഈ ദിവസം ഇന്ധനം ലഭിക്കുക. കൂടാതെ തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ വൈകിട്ട് ആറ് മണിവരെയേ പമ്പുകള്‍ പ്രവര്‍ത്തിക്കൂ.
പമ്പുടമകളോടുള്ള എണ്ണ കമ്പനികളുടെ അവഗണനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം. ഇടപാടിന്റെ ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന കാലങ്ങളായുള്ള പമ്പുടമകളുടെ ആവശ്യം എണ്ണ കമ്പനികള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുളള വിഹിതം നല്‍കാമെന്ന ഉറപ്പ് എണ്ണ കമ്പനികള്‍ ഇതുവരെയും പാലിച്ചിട്ടില്ലെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലര്‍ ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ കമ്മീഷന്‍ നിരക്കില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞതിനാലാണ് ജനുവരി മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചത്. എന്നാല്‍ നാല് മാസമായിട്ടും ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് മെയ് 10ന് പമ്പുകള്‍ അടച്ചിട്ട് അവകാശ സംരക്ഷണ ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം വേരോട്ടമുള്ള സംഘടനസംഘടനയാണ് സിഐപിഡി എന്നും ഈ നീക്കത്തിനു ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ പിന്തുണ ഉണ്ടാകില്ലെന്നും പ്രസിഡന്റ് അജയ് ബന്‍സാല്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments