നികുതി ലാഭിക്കുന്നതിനുവേണ്ടി വേണ്ടി വ്യാജ വാടക ശീട്ട് ഹാജരാക്കുന്ന തട്ടിപ്പ് ഇനി നടക്കില്ലെന്ന് ആദായനികുതി വകുപ്പ്

income

നികുതി ലാഭിക്കുന്നതിനുവേണ്ടി വേണ്ടി വ്യാജ വാടക ശീട്ട് ഹാജരാക്കുന്ന തട്ടിപ്പ് ഇനി നടക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഡിക്ലയര്‍ ചെയ്ത വാടക റസീറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കാനും ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാനും തുടങ്ങുമെന്ന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ശമ്പളക്കാര്‍ക്കുള്ള വീട്ടുവാടക അലവന്‍സ്(എച്ച്ആര്‍എ) നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ച് വന്‍തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭാര്യ എന്നിവരുടെ പേരിലുള്ള കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തുവെന്ന് വ്യാജരേഖയുണ്ടാക്കുന്നവരാണ് കുടുങ്ങാന്‍ പോകുന്നത്. ഇല്ലാത്ത കെട്ടിടത്തിന്റെ പേരില്‍ റസീറ്റ് സമര്‍പ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഈയിടെ ഒരു ടാക്‌സ് ട്രിബൂണല്‍ പുറപ്പെടുവിച്ച ഉത്തവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഏതെങ്കിലും വാടകശീട്ടില്‍ സംശയം തോന്നിയാല്‍ ലൈസന്‍സ് എഗ്രിമെന്റ്, ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നും ഇതു സംബന്ധിച്ച ലൈസന്‍സ്, ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍ തുടങ്ങിയവ ആവശ്യപ്പെടാന്‍ നികുതിവകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും. വ്യാജരേഖയുണ്ടാക്കി കബളിപ്പിക്കുന്നവര്‍ക്കെതിരേ ആദായനികുതി വകുപ്പ് പ്രകാരമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. ചുരുക്കി പറഞ്ഞാല്‍ ചെറിയൊരു തുക ലാഭിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമം ജയിലിനുള്ളിലാക്കിയേക്കും.