Friday, October 4, 2024
HomeKeralaവിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊലീസ് സ്റ്റേഷനുകള്‍ മിനുക്കാനായി ഒരു പ്രത്യേക കമ്പനിയുടെ പെയിന്റു വാങ്ങാന്‍ പൊലീസ് മേധാവിയായിരിക്കെ ബെഹ്‌റ ഉത്തരവിറക്കിയതില്‍ അഴിമതി ആരോപണം ഉന്നയിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. അതേ സമയം വിജിലന്‍സ് ആസ്ഥാനത്തെ സ്ഥലം മാറ്റം ഡിജിപിയുടെ അധികാരമാണെന്ന് ചൂണ്ടികാട്ടി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
പൊലീസ് സ്റ്റേഷനുകള്‍ക്ക് ഏകീകൃത നിറം നല്‍കാനായി ഒരു കമ്പനിയുടെ പെയിന്റ് നിര്‍ദ്ദേശിച്ചാണ് പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. പെയിന്റിനു പുറമേ എല്ലാ പൊലീസ് സ്റ്റേഷനകളിലും ഒരേ പോലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറുന്നതിന് മുമ്പായിരുന്നു ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഉത്തരവ് നല്‍കിയത്. ടെണ്ടര്‍ വിളിക്കാതെയുള്ള ഡിജിപിയുടെ ഉത്തരവില്‍ ക്രമക്കേടുണ്ടെന്നാണ് പായ്ച്ചിറ നവാസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണം. ബെഹ്‌റക്കും ആഭ്യന്തരസെക്രട്ടറിക്കുമെതിരെയാണ് ഹര്‍ജി. ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ലെന്നും സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും വിജിലന്‍സ് അഭിഭാഷകന് പറഞ്ഞു. പക്ഷെ സര്‍ക്കാര്‍ നടപടിയാകുമ്പോള്‍ ടെണ്ടര്‍ പാലിക്കണ്ടെയെന്ന് കോടതി പരാമര്‍ശിച്ചു. സ്ഥാനം തിരിച്ചറിയാനാണെങ്കില്‍ റേഷന്‍ കടകളിലല്ലെ, വലിയ ബോര്‍ഡുകള്‍ വയ്ക്കേണ്ടതെന്നും കോടതി പറഞ്ഞു. ഈ മാസം 20ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റത്തെ കുറിച്ച് സെന്‍കുമാര്‍ ആഭ്യന്തരസെക്രട്ടറിക്ക് വിശദീകരണം നല്‍കി. പൊലീസ് ആസ്ഥനത്തെ മാറ്റങ്ങള്‍ ഡിജിപിയുടെ അധികാരമാണ്. ചട്ടങ്ങള്‍ പാലിക്കാതെ ഒന്നും ചെയ്തിട്ടില്ല. ഡിജിപിക്ക് കീഴില്‍വരുന്ന രഹസ്യ വിഭാഗത്തിലെ ജൂനിയര്‍ സൂപ്രണ്ടിനെ ബീനാകുമാരിയെ മാറ്റിയതില്‍ തെറ്റില്ല. കൊടുവള്ളി എംഎല്‍എ വധഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥ നാലുമാസം നടപടിയൊന്നും സ്വീകരിച്ചില്ലെന്നും സെന്‍കുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി ജി പി ഉത്തരവിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ബീനകുമാരി സ്ഥലംമാറിയിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments