Sunday, September 15, 2024
HomeKeralaഗോപാലകൃഷ്ണനെന്ന മിമിക്രി താരം എങ്ങനെ ദിലീപ് ആയി ?

ഗോപാലകൃഷ്ണനെന്ന മിമിക്രി താരം എങ്ങനെ ദിലീപ് ആയി ?

ഗോപാലകൃഷ്ണനെന്ന മിമിക്രി താരം എങ്ങനെ ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ദിലീപ് ആയി ?
കുറ്റവാളിയെന്ന് മുദ്രകുത്തി മാധ്യമങ്ങൾ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്ന ദിലീപിന്റെ ജീവിതകഥ ഇപ്പോൾ വിസ്‌മൃതിയിലായി. ഗോപാലകൃഷ്ണനെന്ന മിമിക്രി താരം ദിലീപ് എന്ന ജനപ്രിയ സിനിമ നടനായ കഥയാണത്.

ആലുവ സ്വദേശിയായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റെയും മൂത്തമകനായാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപ് 1968 ഒക്ടോബര്‍ 27ന് ജനിച്ചത്. ആലുവയിലെ വിവിബിഎച്ച്എസിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം തുടർന്ന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലും എറണാകുളം മഹാരാജാസ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി.
മഹാരാജാസ് കോളജിലെ പഠനകാലത്താണ് മിമിക്രിയിലെ പ്രകടനം ദിലീപ് പുറത്തെടുത്തത്. തന്റെ സ്നേഹിതരായ നാദിർഷയോടൊപ്പവും അബിയോടൊപ്പവും ‘ദേ മാവേലി കൊമ്പത്ത്’ എന്ന കോമഡി ആൽബത്തിൽ ശബ്ദം നൽകി. കൊച്ചിൻ കലാഭവനിലൂടെ മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ ദിലീപ് തന്റെ കരിയർ ആരംഭിച്ചു. ഏഷ്യാനെറ്റിന്റെ കോമഡി പ്രോഗ്രാമായ കോമിക്കോളയിൽ അവസരം ലഭിച്ചു. കൊച്ചിന്‍ കലാഭവനിലും നാദിര്‍ഷായുമായുള്ള അടുത്ത സൗഹൃദങ്ങളിലൂടെയും ഗോപാലകൃഷ്ണൻ എന്ന ദിലീപ് സിനിമയിലെത്തി. അഭിനയിക്കാനായിരുന്നു ദിലീപിന് ഏറെയിഷ്ടമെങ്കിലും കമലിനൊപ്പം അസിസ്റ്റന്റ് ഡയറക്‌റായി സിനിമയില്‍ ചുവടുറപ്പിച്ചു. സംവിധാന സഹായിയായിരിക്കുമ്പോഴാണ് സിനിമയില്‍ കിട്ടിയ ചെറിയ ചെറിയ വേഷങ്ങളില്‍ ദിലീപ് അഭിനയിച്ചു എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നോടിഷ്ടം കൂടുമോ എന്ന കമലിന്റെ ചിത്രത്തിലൂടെയാണ് 1992-ല്‍ ദിലീപ് അഭിനയ രംഗത്തേക്കെത്തുന്നത്. ചെറിയ വേഷമാണെങ്കിലും അഭിനയം ശ്രദ്ധേയമായിരുന്നു.

വിജയത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട് ദിലീപിനെ എതിരേറ്റത്. ജോഷിയുടെ സൈന്യത്തിലൂടെയും മാനത്തെ കൊട്ടാരത്തിലൂടേയും കൂടുതല്‍ ശ്രദ്ധേയനായി. മാനത്തെ കൊട്ടാരത്തിലെ അഭിനയത്തിലൂടെ ഗോപാലകൃഷ്ണനെന്ന ദിലീപ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. അതിനുശേഷമാണ് ഗോപാലകൃഷ്‌ണൻ ദിലീപായി മാറുന്നത്. തുടർന്ന് ജനപ്രിയതാരം സല്ലാപത്തിലൂടെ നായകനുമായി. മഞ്ജുവാര്യര്‍ക്കൊപ്പമുള്ള വേഷം ജീവിതത്തിലെ മികച്ച വേഷത്തിനും തുടക്കമിട്ടു. മഞ്ജുവാര്യരെ വിവാഹം കഴിച്ചതിനുശേഷം ദിലീപ് ചെയ്ത എല്ലാ ചിത്രങ്ങളും വൻ വിജയങ്ങളായിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി അരങ്ങേറിയ കാവ്യമാധവനൊപ്പം ലാല്‍ജോസ് ദിലീപിനെ അഭിനയിപ്പിച്ചു. ഈ ചിത്രമായിരുന്നു ദിലീപിന്റെ ജീവിതത്തിന് വെല്ലുവിളിയായത്. അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് ദിലീപ് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറി. 2014-ല്‍ ദിലീപ് മഞ്ജുവുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചു. പിന്നീട് പരന്ന കഥകളുടെ അവസാനം കാവ്യമാധവനെ വിവാഹം ചെയ്തുകൊണ്ടാണ് അവസാനിപ്പിച്ചത്. മാസങ്ങള്‍ക്കുമുമ്പ് നടന്ന വിവാഹത്തിനുശേഷം ദിലീപിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു.

അതിനിടെ ഒരു മാസത്തോളം നീണ്ടുനിന്ന തിയ്യേറ്റര്‍ ഉടമകളുടെ സമരം ദിലീപിന്റെ ഇടപെടലോടെ പരാജയപ്പെട്ടു. പുതിയ സംഘടനയുടെ തലപ്പത്തേക്ക് ദിലീപ് എത്തപ്പെട്ടു. വിജയത്തിന്റെ മാധുര്യവുമായി കഴിയുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപ് സംശയത്തിന്റെ നിഴലിലാകുന്നത്. ആദ്യഭാര്യ മഞ്ജു തന്നെ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കുബുദ്ധിയിലൂടെ കാര്യങ്ങള്‍ നിയന്ത്രിച്ച ദിലീപ് അത്യന്തം നാടകീയസംഭവങ്ങള്‍ക്ക് അന്ത്യം കുറിച്ചാണ് അറസ്റ്റിലാവുന്നത്.

ജയിലിലായ ദിലീപിനെ ഇന്ന് സമൂഹം ചെളിവാരിയെറിയുമ്പോൾ ദിലീപിന്റെ നന്മ പറയുവാനും സിനിമാ മേഖലയിൽ ചിലരുണ്ട്. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീലക്ക് ദിലീപിനെക്കുറിച്ചു ചിലതു പറയുവാനുണ്ട്. കൊച്ചിന്‍ ഹനീഫ എന്ന അഭ്രപാളികളിൽ നിറഞ്ഞു നിന്ന നടൻ തിരശീലക്കപ്പുറത്തേക്കു പോയപ്പോൾ ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്ന ഹനീഫയുടെ കുടുംബത്തെ സിനിമാമേഖലയിലുള്ളവര്‍ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയ ആ സമയത്ത് തനിക്കും മക്കള്‍ക്കും ദിലീപായിരുന്നു ആശ്രയമെന്ന് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല പറഞ്ഞിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് അപകടത്തില്‍പെട്ട് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ ചോദിക്കാതെ സഹായവുമായെത്തി തനിക്കൊപ്പം നിലയുറപ്പിച്ചയാളാണ് ദിലീപെന്ന് അടുത്തിടെ കെ.പി.എ.സി ലളിത ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ദിലീപിന്റെ നന്‍മയെക്കുറിച്ച് സിനിമാമേഖലയില്‍ പലരും വാനോളം പുകഴ്ത്തുമ്പോൾ തന്നെ നടന്റെ ഇരുണ്ട മുഖവും ചര്‍ച്ചക്ക് വിഷയമായിട്ടുണ്ട്. ആക്രമണത്തിനിരയായ നടിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് പിന്നിൽ ദിലീപിൻറെ കറുത്ത കാരങ്ങളുണ്ടെന്ന് വളരെ നാളായി ശ്രുതിയുണ്ട് . എന്തൊക്കെയാണെങ്കിലും മിമിക്രി താരമായി എത്തി സിനിമയിൽ ചുവടുറപ്പിച്ച ആലുവക്കാരന്‍ പയ്യന്‍ ഒടുവിൽ തിയ്യേറ്റര്‍ ഉടമയായും നിര്‍മ്മാതാവായും സംഘടനകളുടെ ഭാരവാഹിയായും മാറിയതിന് പിന്നിൽ സംശയങ്ങളുടെ ഒട്ടേറെ കഥകളുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments