നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഗൂഢാലോചനയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്.നടിയെ ആക്രമിച്ച കേസ് അങ്കമാലി കോടതി ആദ്യ കേസായാണ് പരിഗണിക്കുന്നത്. കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് നൽകിയ ജാമ്യാപേക്ഷയും പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുമാണ് കോടതിയുടെ പരിഗണനയ്ക്ക് വരിക. ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ടുമായി 10മണിയോടെ ജയിലിലെത്തുന്ന പൊലീസ് ദിലീപുമായി അങ്കമാലി കോടതിയിലെത്തും.
താൻ നിരപരിധായാണെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നത്. കൃത്രിമ തെളിവുകളുണ്ടാക്കിയാണ് ദിലീപിനെ പ്രതി ചേർത്തത് എന്ന് ദിലീപിന്‍റെ അഭിഭാഷകൻ രാംകുമാർ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. ഇന്ന് കേസിൽ വിശദമായ വാദം നടക്കും. ഗൂഢാലോചനയിൽ പങ്കുള്ള സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ആവശ്യപ്പെടും. മാത്രമല്ല, ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ദിലീപിനെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതുണ്ട്.
ഗൂഢാലോചന നടന്നെന്ന് പൊലീസ് കണ്ടെത്തിയ കൊച്ചിയിലെയും തൃശൂരിലെയും കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തണം. സംഭവം നടന്ന ശേഷം തെളിവ് നശിപ്പിക്കാൻ സഹായിച്ചവരെ കുറിച്ച് അറിയാനും ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യണം. നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കേസിലെ നിർണായക തെളിവാണ്. ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇതും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ദിലീപിന് അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവ് നശിപ്പിക്കാനടക്കം സഹായിച്ചവരുണ്ടെങ്കിൽ ഉടൻ പിടിയിലാകുമെന്നുമാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം
ദിലീപിനെ ഇന്നു അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
RELATED ARTICLES