നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. മുകേഷിന്റെ ഡ്രൈവറായി ഒന്നരവര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ മുകേഷ് പിന്നീട് ജോയിലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സുനിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും, അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടും, മുകേഷിനെ ഇതുവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നില്ല. ഇതിനെതിരെ ബിന്ദു കൃഷ്ണ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് സൂചന. സംവിധായകന്‍ നാദിർഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവര്‍ കേസില്‍ പ്രതികളായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും, കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും ഇവരെ പ്രതിചേർക്കുക എന്നാണ് പൊലീസ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ,ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുള്ളതിന് തെളിവുകള്‍ പൊലീസിന് ലഭിച്ചില്ലെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം ഇരുവരെയും പൊലീസ് കസ്റ്റഡിയിലെക്കാനും സാധ്യതയുണ്ട്. വിഷ്ണു അടക്കമുള്ള പൾസർ സുനിയുടെ സഹതടവുകാരുമായി അപ്പുണ്ണിക്ക് അടുത്ത ബന്ധമുണ്ടെന്നും ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിന് മനസ്സിലാക്കാന്‍ സാധിച്ചു. വിഷ്ണുവിനെ അപ്പുണ്ണി നേരില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഏപ്രില്‍ 14 ന് ഏലൂരില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ പ്രതി വിഷ്ണു ദിലീപിന്‍റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിക്കുന്നത് അനൂപില്‍ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പൾസര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നല്‍കുകയായിരുന്നു എന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവം ഒതുക്കി തീർക്കാൻ അനൂപ് സഹായിച്ചോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തിലെല്ലാം വ്യക്തത തേടിയാണ് അനൂപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.