നടിയെ തട്ടി ക്കൊണ്ടുപോയി മോശമായ ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ അന്വേഷണം ദിലീപിന്റേതടക്കമുള്ള സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളിലേക്കും. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലർത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കിൽപെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ദിലീപ് നേതൃത്വം നൽകിയ വിദേശ സ്റ്റേജ് ഷോകൾ, വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, കേസിലെ മുഖ്യപ്രതി സുനിൽകുമാർ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. എന്നാൽ, കേരള പൊലീസ് ഇപ്പോൾ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യംചെയ്യലിൽ പൊലീസ് കണ്ടെത്തിയ നിർണായക വിവരങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദിലീപ് നിർമിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങൾ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ നിർമാണ രംഗത്തെ ബെനാമി കള്ളപ്പണ ഇടപാടുകളിൽ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ ഇടപെടൽ.
ഗൂഢാലോചനക്കേസിൽ അന്വേഷണം പൂർത്തിയാക്കിയശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യംചെയ്യും. രണ്ടു വർഷം മുൻപ് ആദായ നികുതി ഇന്റലിജൻസ് വിഭാഗവും മലയാള സിനിമാ നിർമാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുൻനിര നടന്മാരുടെ സ്വത്തുവിവര കണക്കുകൾ പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം ഇടയ്ക്കു മരവിച്ചു.
ഉപദ്രവിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം മാത്രമാണു കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന ദിലീപിന്റെ നിലപാടു പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. അതിനായി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ ദിലീപ് നൽകുമെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സുനി കുറ്റസമ്മതം നടത്തിയപ്പോൾ പൊലീസ് ഇക്കാര്യം ചോദിച്ചിരുന്നു. ക്വട്ടേഷൻ പദ്ധതി വിജയിച്ചാൽ ദിലീപിന് 62 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നാണു സുനി മൊഴി നൽകിയത്. എന്താണു സാമ്പത്തിക ഇടപാടെന്നു വ്യക്തമാക്കാൻ സുനിക്കു കഴിഞ്ഞില്ല.
എന്നാൽ, നടി ഇതു സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ടെന്നാണു വിവരം. കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തിൽ സാമ്പത്തിക സ്രോതസ്സുകളിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണു വ്യക്തിവിരോധത്തിൽ ഊന്നിയ മറുപടികൾ ദിലീപ് നൽകിയതെന്ന് അന്വേഷണ സംഘം കരുതുന്നു. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണു പ്രതീക്ഷ.