സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തും വിധം ന്യുനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ മുസ്ളിംവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അന്വേഷണം. ഇതുസംബന്ധിച്ച് ലഭിച്ച പരാതികള്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറുകയായിരുന്നു. സെന്‍കുമാറിനെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഡിജിപിക്ക് ലഭിച്ച ആറ് പരാതികളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കേരളത്തില്‍ മുസ്ളിംജനസംഖ്യ വര്‍ധിക്കുന്നു, ജിഹാദിന്റെ പേരില്‍ ഇതരമതസ്ഥരെ കൊല്ലുന്നു, ലൌജിഹാദ് നടക്കുന്നു തുടങ്ങിയ ഗുരുതരപരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ നടത്തിയത്. കേരളത്തിൽ മുസ്ലിം ജനനസംഖ്യ വർധിക്കുന്നത് ആശങ്കജനകമാണെന്നും , നൂറു കുട്ടികൾ ജനിക്കുമ്പോൾ 42 എണ്ണവും ഈ സമുദായത്തിൽ നിന്നുള്ള കുട്ടികളാണ് എന്നുള്ളത് ആശങ്ക വർധിപ്പിക്കുന്നു എന്നായിരുന്നു പരാമർശം. കൂടാതെ
മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. ആദ്യം വേണ്ടത് മുസ്ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍ എന്നായിരുന്നു സെന്‍കുമാറിന്റെ മറ്റെരു പരാമര്‍ശം. ഇത് മതസ്പര്‍ധ വളര്‍ത്തുന്നതും ഒരുസമുദായത്തെ അധിക്ഷേപിക്കുന്നതുമാണെന്നു കാട്ടി ആറ് പരാതിയാണ് പൊലീസ് മേധാവിക്ക് ലഭിച്ചത്.
153(എ), 153(എ1) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് ലഭിച്ച നിയമോപദേശം. ഐടി ആക്ട് പ്രകാരം കേസെടുക്കാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
അതേസമയം സെൻകുമാറിനെ പിന്തുണച്ചുകൊണ്ട് ബിജെപി സംസ്ഥാന ഘടകം രംഗത്തെത്തുകയും ചെയ്തിരുന്നു.