പിണറായി വിജയന്‍ നാളെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വയനാട്ടിലും മലപ്പുറം ജില്ലയിലെ ഭൂതാനത്തും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗവും റോഡ് മാര്‍ഗവുമായിട്ടാകും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. പ്രളയത്തില്‍ ഏറ്റവും വലിയ ദുരന്തം സംഭവിച്ച കവളപ്പാറ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. കവളപ്പാറയില്‍ നിരവധി പേരാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്ബുകളിലും മുഖ്യമന്ത്രി നേരിട്ടെത്തും. ഹെലികോപ്റ്റര്‍ വഴിയും, റോഡ് മാര്‍ഗവുമാണ് മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.

തിരുവനന്തപുരം നഗരസഭയിലെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മേയര്‍ വി. കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട രണ്ടു ലോഡ് സാധനങ്ങള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി സന്നദ്ധപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. ഏതൊക്കെ സാധനങ്ങളാണ് ലഭ്യമാകാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.

പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നല്‍കി. ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കലക്ടമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്യാമ്ബുകളില്‍ കഴിയുന്നവരുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ കാമ്ബുകളില്‍ ഉറപ്പാക്കണം. മഴക്കാലയാമയതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അതേസമയം ദുരിതാശ്വാസ സഹായങ്ങള്‍ ഏകോപിക്കുന്നതില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെന്ന നിലയില്‍ സഹായത്തെ കുറിച്ചു കലക്ടറോടു സംസാരിച്ചപ്പോഴും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. ഇതാണ് കഴിഞ്ഞ തവണത്തേതില്‍ വ്യത്യസ്തമായി വെവ്വേറെ സഹായകേന്ദ്രങ്ങള്‍ തലസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കേണ്ട സമയത്ത് കലക്ടര്‍ അവധിയില്‍ പോയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് കലക്ടര്‍ക്കെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം.

അതേസമയം, പ്രളയദുരന്ത മേഖലകളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരീക്ഷണം നടത്തിയപ്പോള്‍ കേരളത്തെ മനഃപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും ദുരന്തമേഖലകളില്‍ മാത്രമാണ് അമിത് ഷാ വ്യോമനിരീക്ഷണം നടത്തിയത്. ആര്‍എസ്എസിലെയും ബിജെപിയിലെയും ഒരുവിഭാഗം ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നല്‍കരുതെന്ന് പ്രചാരണം നടത്തുന്നു. ദുരന്തവേളയില്‍ രാഷ്ട്രീയ വിവേചനം ഒഴിവാക്കണമെന്നും സിപിഎം പിബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് മഴ കുറഞ്ഞു. അതിതീവ്ര മഴയെ സൂചിപ്പിക്കുന്ന റെഡ് അലേര്‍ട്ട് നിലവില്ലാത്ത ആദ്യ ദിനമാണ് കടന്നുപോയത്. ഏതാനും ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. ഒന്‍പത് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, തൃശുര്‍, എറണാകുളം, വയനാട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട് പത്തനംതിട്ട ജില്ലകളില്‍ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.