തമിഴ്നാട് ഗവര്‍ണര്‍ക്ക് എതിരെ ആരോപണവുമായി ശശികല

ശശികലയുടെ മുഖ്യമന്ത്രി പദം സംബന്ധിച്ച്​ സൂചന

തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെതിരെ ആരോപണവുമായി ശശികല. മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ ക്ഷണിക്കാത്തതില്‍ വലിയ ദുരൂഹതയുണ്ടെന്ന് ശശികല പറയുന്നു. ബി.ജെ.പിയും ഡി.എം.കെ യുമാണ് ദുരൂഹതയുടെ പിന്നാമ്പുറത്തു എന്ന് ശശികല ആരോപിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ താൻ ശക്തമായി പ്രതിഷേധിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും ശശികല അവകാശപ്പെടുന്നു.
കൂവത്തൂരില്‍ റിസോര്‍ട്ടുകളില്‍ കഴിയുന്ന എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശശികലയുടെ ഈ പ്രതികരണം. അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ തടവിലൊന്നുമല്ലെന്ന് ശശികല പറഞ്ഞു. എം.എല്‍.എമാര്‍ ഫോണിലൂടെ വീടുമായി ബന്ധപ്പെടുന്നുണ്ട് എന്നതാണ് അതിനുള്ള തെളിവ്. പാര്‍ട്ടി ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും എന്നാൽ ചിലർ എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നതായി അവർ ആരോപിച്ചു. മക്കളെ തട്ടിക്കൊണ്ട് പോകുമെന്നാണ് എം.എല്‍.എമാർക്ക് എതിരെയുള്ള ഭീഷണി.
ചില എം.എല്‍.എമാര്‍ തങ്ങളെ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച സാഹചര്യത്തിലാണ് ശശികല കൂവത്തൂരില്‍ എത്തി എം.എല്‍.എമാരെ കണ്ടത്. എം.ജി.ആര്‍ മരിച്ചപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കിയവര്‍ തന്നെയാണ് പാര്‍ട്ടിയില്‍ പ്രശ്നമുണ്ടാക്കുന്നതെന്ന് ശശികല ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കൊപ്പമുണ്ട്. എം.എല്‍.എമാരുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അവർ പറഞ്ഞു.