റാഫേൽ രഹസ്യരേഖകൾ ചോർന്നത് മോഷണമാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

supreme court

റാഫേൽ യുദ്ധവിമാന ഇടപാടിന്റെ രഹസ്യരേഖകൾ ചോർന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. രേഖകള്‍ ചോര്‍ന്നത് മോഷണമായി കണക്കാക്കാവുന്നതാണ്. രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. സർക്കാർ ഭാഷ്യമാണിത്. നാളെ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയം സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയത്. വളരെ രഹസ്യമായ രേഖകൾ ശത്രുക്കൾക്ക് ലഭ്യമാകുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. രാജ്യം വാങ്ങുന്ന വിമാനത്തിന്റെ യുദ്ധക്ഷമതയാണ് രേഖകൾ പുറത്തുവന്നതിലൂടെ വെളിപ്പെട്ടത്.റാഫേൽ രേഖകൾ അനധികൃതമായി പകർപ്പെടുക്കുക വഴി ഫ്രാൻസുമായുള്ള കരാർ ലംഘിക്കപ്പെട്ടിരിക്കുന്നതായും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോടതിയിൽ എത്തിയ ഈ രേഖകൾ പുനഃപരിശോധന ഹർജിയുടെ ഭാഗമായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേസിൽ പുതി‍യ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് രേഖകള്‍ മോഷണം പോയെന്ന മുന്‍വാദത്തില്‍ കേന്ദ്രസർക്കാർ വിശദീകരണം നല്‍കിയത്.