ഇടയാറന്മുള സ്വദേശിയായ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പി.ഡി. രാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു

justice p d rajan

പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പി.ഡി. രാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇന്നലെ ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ഫുള്‍ കോര്‍ട്ട് റഫറന്‍സിലൂടെ യാത്രയയപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഉള്‍പ്പെടെ ജഡ്ജിമാരും അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി. ശ്രീധരന്‍ നായര്‍ തുടങ്ങിയവരും ഹൈക്കോടതി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. പി.ഡി. രാജന്‍ കലിക്കറ്റ് ലാ കോളേജില്‍ നിന്ന് നിയമബിരുദവും എം.ജി സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.എമ്മും നേടി. 1987 ല്‍ പത്തനംതിട്ടയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1995 ല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായി സര്‍വീസില്‍ കയറി. 2013 ജനുവരി 28 നാണ് ഹൈക്കോടതിയില്‍ അഡി. ജഡ്ജിയായി നിയമിതനായത്. 2014 ജനുവരി 16 ന് സ്ഥിരം ജഡ്ജിയായി. ഉരുട്ടിക്കൊലക്കേസില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 2016 ല്‍ വിധിച്ചത് ജസ്റ്റിസ് പി.ഡി. രാജന്റെ ബെഞ്ചായിരുന്നു. അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പു കേസില്‍ കെ.എം. ഷാജിയെ അയോഗ്യനാക്കിയതും അദ്ദേഹത്തിന്റെ ബെഞ്ചിന്റെ വിധിയിലാണ്.