10 വര്‍ഷത്തിനിടെ കൊച്ചിയില്‍മാത്രം ദിലീപ് വാങ്ങിക്കൂട്ടിയത് 35 ഇടങ്ങളിലായി ഏഴേക്കറിലധികം ഭൂമി. ദിലീപിന്റെ സ്വന്തം പേരിലും ഡയറക്ടറായ കമ്പനി മുഖാന്തരവുമാണ് ഭൂമിയിടപാടുകള്‍ നടന്നതെന്ന് രജിസ്ട്രേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ബിനാമി ഇടപാടുകള്‍ ഇതിലധികമുണ്ടായേക്കും.
ദിലീപിനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് രജിസ്ട്രേഷന്‍ വകുപ്പിനോട് വിവരങ്ങള്‍ തേടിയത്. ആക്രമിക്കപ്പെട്ട നടിയുമായി ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും തര്‍ക്കങ്ങളും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. കേസന്വേഷണത്തിന് സഹായകമാകുമെന്ന ധാരണയിലാണ് ഇതുസംബന്ധിച്ചും പൊലീസ് വിവരം ശേഖരിച്ചത്.
ദിലീപ് ഡയറക്ടറായ അല്‍കാ ദില്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ 2009 മുതല്‍ 2014 വരെ പത്തിടങ്ങളില്‍ സ്ഥലം വാങ്ങി. നഗരത്തോടുചേര്‍ന്നുള്ള മരടിലാണ് ഈ ഇടപാടെല്ലാം നടന്നത്. ഇവിടെ സെന്റിന് 10 മുതല്‍ 30 ലക്ഷം രൂപവരെ വിലയുണ്ട്. കമ്പനിയില്‍ ആരെല്ലാമാണ് ഡയറക്ടര്‍മാര്‍ എന്ന് അന്വേഷിക്കുന്നു.
വിവാഹമോചനത്തിനുമുമ്പ് മഞ്ജു വാര്യരുടെ പേരില്‍ ചെങ്ങമനാട്, കൊച്ചി എന്നിവിടങ്ങളില്‍ ദിലീപ് സ്ഥലം വാങ്ങിയിരുന്നു. ബന്ധം പിരിഞ്ഞതോടെ ഇതെല്ലാം മകള്‍ മീനാക്ഷിയുടെ പേരില്‍ മഞ്ജു തിരിച്ചെഴുതിക്കൊടുത്തു. തന്റെ ഉടമസ്ഥതയില്‍ ആലുവയിലുള്ള സ്ഥലം ബന്ധുവിന്റെ പേരിലേക്ക് ദിലീപ് മാറ്റിയിട്ടുമുണ്ട്. അച്ഛന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച ജി പി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലും സ്ഥലം വാങ്ങിയിരുന്നു.
ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തികയിടപാടുകളും പൊലീസ് അന്വേഷിക്കും. ഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായശേഷം ഇതുസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കുമെന്നാണ് സൂചന.