ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ipl 20

ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) 2019 സീസണ്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഐപിഎല്‍ നടത്തിപ്പുകാര്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.നേരത്തെ രണ്ടുതവണ ഐപിഎല്‍ വിദേശത്തേക്ക് മാറ്റിയിരുന്നു. ആ രീതിയില്‍ സൗത്ത് ആഫ്രിക്കയിലോ, യുഎഇലോ അല്ലെങ്കില്‍ ഇംഗ്ലണ്ടിലേക്കോ മാറ്റാനാണ് ആലോചന. 2009ല്‍ ടൂര്‍ണമെന്റ് നടത്തിയത് സൗത്താഫ്രിക്കയില്‍ വെച്ചായിരുന്നു. 2014ല്‍ ഐപിഎല്ലില്‍ ഭാഗീകമായി യുഎഇയിലും നടത്തി. ഇത് മൂന്നാം തവണയാണ് ടൂര്‍ണമെന്റ് വിദേശത്തേക്ക് കടക്കുന്നത്. യുഎഇയിലും സൗത്താഫ്രിക്കയിലും നേരത്തെ ടൂര്‍ണമെന്റ് നടത്തിയിരുന്നതിനാല്‍ ഈ രാജ്യങ്ങള്‍ക്കായിരിക്കും 2019ലും ബിസിസിഐ മുന്‍ഗണന നല്‍കുക. ഐസിസി ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ തുടങ്ങി മെയ് പകുതിയോടെ അവസാനിക്കുന്ന രീതിയിലാണ് 2019ലെ ഐപിഎല്ലിന്റെ സമയക്രമം. സാധാരണ രീതിയില്‍ ഏപ്രില്‍ മെയ് മാസത്തിലാണ് ടൂര്‍ണമെന്റ് നടത്താറുള്ളത്. മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഐസിസി ലോകകപ്പ് നടക്കുക. ലോകകപ്പിന് മുന്‍പായി 15 ദിവസത്തെ ഇടവേളയെങ്കിലും കളിക്കാര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് ഐപിഎല്ലിന്റെ സമയക്രമം. അതേസമയം, പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ഐപിഎല്‍ വിദേശത്തേക്കു മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.