സുപ്രീ കോടതി തങ്ങളുടേതാണ് എന്ന ഉത്തര്‍ പ്രദേശ് മന്ത്രി ;രൂക്ഷമായി പ്രതികരിച്ച്‌ ചീഫ് ജസ്റ്റിസ്

ayodhya

സുപ്രീ കോടതി തങ്ങളുടേതാണ് എന്ന ഉത്തര്‍ പ്രദേശ് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ടാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സഹകരണ മന്ത്രിയായ മുഹുത് ബിഹാരി വര്‍മ വിവാദ പ്രസ്താവന നടത്തിയത്. അയോധ്യ കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ബിജെപി മന്ത്രിയുടെ വാക്കുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മുഹുത് ബിഹാരി വര്‍മ സുപ്രീം കോടതിയെ പരാമര്‍ശിക്കുന്ന പ്രസംഗം നടത്തിയത്. ‘വികസനത്തിന്റെ പേരിലാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് തങ്ങളുടെ ഉറച്ച തീരുമാനമായത് കൊണ്ട് അത് നടപ്പിലാക്കുക തന്നെ ചെയ്യും. സുപ്രീം കോടതി നമ്മുടേതാണ്. നിയമസംവിധാനങ്ങളും ഭരണവും രാജ്യവും രാമക്ഷേത്രവും നമ്മുടേതാണ്’ എന്നാണ് മന്ത്രി പ്രസംഗിച്ചത്.

വിവാദ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ ബിഹാരി വര്‍മ്മ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി നമ്മുടേതാണ് എന്നത് കൊണ്ട് രാജ്യത്തെ 125 കോടി ജനങ്ങളുടേത് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് വിശദീകരണം. ബിജെപിയെക്കുറിച്ചല്ല ആ പറഞ്ഞത് എന്നും മന്ത്രി പ്രതികരിക്കുകയുണ്ടായി. അയോധ്യ കേസില്‍ മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരാകുന്നതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വരുന്ന ഭീഷണികള്‍ സുപ്രീം കോടതിയെ അറിയിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗത്തെക്കുറിച്ചും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയത്.

ഉത്തര്‍ പ്രദേശ് മന്ത്രിയുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം സുപ്രീം കോടതി അറിയിച്ചു. അയോധ്യ കേസിന്റെ വിചാരണയുടെ 22ാം ദിവസമാണ് സംഭവം. സോഷ്യല്‍ മീഡിയയില്‍ അടക്കം തനിക്ക് നിരന്തരമായി ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി അഡ്വക്കേറ്റ് ധവാന്‍ സുപ്രീം കോടതിയെ അറിയിച്ചു. തന്റെ ക്ലര്‍ക്കിനെ കോടതി പരിസരത്ത് വെച്ച്‌ മറ്റ് ക്ലര്‍ക്കുമാര്‍ കയ്യേറ്റം ചെയ്തതായും ധവാന്‍ വ്യക്തമാക്കി. അയോധ്യ കേസ് വിചാരണയ്ക്ക് പറ്റിയ സാഹചര്യമല്ല നിലവിലുളളതെന്നും ധവാന്‍ കോടതിയെ ആശങ്ക അറിയിച്ചു. കേസിലെ ഇരു കക്ഷികള്‍ക്കും സ്വതന്ത്രമായി അവരുടെ ഭാഗങ്ങള്‍ പറയാന്‍ സാധിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.