തമിഴ്നാട്ടിൽ കൂറുമാറ്റവും പിന്തുണപ്രഖ്യാപിക്കലും അവകാശവാദങ്ങളുമായി അണ്ണാ ഡിഎംകെ രാഷ്ട്രീയാന്തരീക്ഷം കലങ്ങി മറിയുകയാണ്. ഇന്നലെ 6 എംപിമാർകൂടി പനീർശെൽവത്തിന്റെ പക്ഷത്തേക്കു ചേക്കേറി. ഇതോടെ പനീർശെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച എംപിമാരുടെ എണ്ണം11 ആയി. അതേസമയം, താൻ ആരെയും പൂട്ടിയിട്ടില്ലെന്നും അണ്ണാ ഡിഎംകെ ഒരു കുടുംബം പോലെ ഒറ്റക്കെട്ടാണെന്നും കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാരെ സന്ദർശിച്ചശേഷം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല പറഞ്ഞു.
ഗവർണർ സി. വിദ്യാസാഗർ റാവുവിനെതിരേ ശശികല ഇന്നലെയും വിമർശനമുയർത്തി. ഗവർണർ തീരുമാനം വൈകിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. ഗവർണറുടെ റിപ്പോർട്ട് സംബന്ധിച്ച വാർത്ത തെറ്റെന്നു ഗവർണർതന്നെ പറഞ്ഞിട്ടുണ്ട്. എംഎൽഎമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. അവരുടെ പിന്തുണ സ്വന്തം ഇഷ്ടപ്രകാരമാണ്. എംഎൽഎമാർ ഭീഷണി നേരിടുന്നുണ്ട്. മക്കളെ തട്ടിക്കൊണ്ടു പോകും എന്നുവരെ ഭീഷണിയുണ്ട്. ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. തകർക്കാൻ ശ്രമിക്കുന്നവർക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ മറുപടി നല്കണം: വികാരാധീനയായി ശശികല പറഞ്ഞു.
അതേസമയം, ബന്ദികളാക്കപ്പെട്ട എംഎൽഎമാർ പീഡിപ്പിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രി ഒ. പനീർശെൽവം ആരോപിച്ചു. റിസോർട്ടിൽനിന്നു പലരും വിളിച്ചിരുന്നു. ചിന്തിച്ചു തീരുമാനമെടുക്കാൻ അവരോടു പറഞ്ഞു. ജനം വോട്ട് ചെയ്തത് എനിക്കോ ശശികലയ്ക്കോ അല്ല, ജയലളിതയ്ക്കാണ്. ഓരോ എംഎൽഎയ്ക്കും കാവലായി നാലു ഗുണ്ടകൾ വീതമുണ്ടെന്ന് എന്നെ വിളിച്ച എംഎൽഎമാർ പറഞ്ഞു. ആരെയും തടവിലാക്കിയിട്ടില്ലെന്നു പറയുന്ന ശശികല മുതലക്കണ്ണീരൊഴുക്കാതെ, എംഎൽഎമാരെ അവരുടെ മണ്ഡലങ്ങളിലേക്കു പോകാൻ അനുവദിക്കണം: പനീർശെൽവം പറഞ്ഞു. ഇന്നലെ രാത്രി ഒന്പതിന് ഔദ്യോഗികവസതിയിൽ അനുയായികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പനീർശെൽവം.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണു ശശികല കൂവത്തൂരിലെ റിസോർട്ടിൽ എത്തി എംഎൽഎമാരുമായി കൂടിയാലോചന നടത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണു ശശികല കൂവത്തൂരിലെ റിസോർട്ടിലെത്തിയത്. മറ്റു റിസോർട്ടുകളിലുണ്ടായിരുന്ന എംഎൽഎമാരും കൂവത്തൂരിൽ എത്തി.
അതേസമയം, റിസോർട്ടിനു മുന്നിൽ അണ്ണാ ഡിഎംകെ പ്രത്യേകമായി നിയോഗിച്ച പ്രവർത്തകരും പോലീസും തങ്ങളെ തടഞ്ഞെന്നു ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ ധർണ നടത്തി. പിന്നീട് റിസോർട്ടിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചു.
പാർട്ടിയിൽ മുന്പും സമാന അനിശ്ചിതത്വം ഉണ്ടായിട്ടുണ്ടെന്നു കൂവത്തൂരിൽ എംഎൽഎമാരെ കാണാൻ തിരിക്കും മുന്പ് പോയസ് ഗാർഡനിൽവച്ച് ശശികല പറഞ്ഞു. അന്ന് ജയലളിത എല്ലാ എതിർപ്പുകളോടും പോരാടി പാർട്ടിയെ മുന്നോട്ടുനയിച്ചു. ജയലളിത അഭിമുഖീകരിച്ച പ്രശ്നം ഇപ്പോൾ താൻ നേരിടുന്നു എന്നുമാത്രം. രാഷ്ട്രീയത്തിൽ ഇറങ്ങുന്ന സ്ത്രീകളെ ഇല്ലായ്മ ചെയ്യാനാണ് ചിലരുടെ ശ്രമം. എംജിആർ മരിച്ചപ്പോൾ പാർട്ടി പിളർത്താൻ ശ്രമിച്ചവർതന്നെയാണ് ഇപ്പോഴത്തെ പ്രശ്നത്തിനും കാരണം. ഗൂഢാലോചനയ്ക്കു പിന്നിൽ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല :ശശികല പറഞ്ഞു.
ശശികലയ്ക്ക് 129 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നും അവർ മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തുമെന്നും ടെക്സ്റ്റയിൽസ് മന്ത്രി ഒ.എസ്. മണിയൻ വ്യക്തമാക്കി.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് ഇന്നു തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
ഇന്നലെ കൂറുമാറിയത് ആറു പേർ
ലോക്സഭാ എംപിമാരാരായ ജയ്സിംഗ് ത്യാഗരാജ് നട്ടാർജി (തൂത്തുക്കുടി), സെങ്കുട്ടവൻ (വെല്ലൂർ), ആർ.പി. മരുതരാജ (പെരന്പലൂർ), എസ്. രാജേന്ദ്രൻ (വില്ലുപുരം) എന്നിവരാണ് ഇന്നലെ പനീർശെൽവത്തിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചത്. ഇന്നലെ രാത്രി തേനി എംപി ആർ. പാർഥിപൻ, പനീർശെൽവത്തിനു പിന്തുണ പ്രഖ്യാപിച്ചു.
രാജ്യസഭാ എംപിയായ ആർ. ലക്ഷ്മണനും ഒപിഎസ് ക്യാന്പിലേക്കു കൂടുമാറി. ഇതിനുപിന്നാലെ ലക്ഷ്ണനെ വില്ലുപുറം (നോർത്ത്) ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ശശികല നീക്കം ചെയ്തു. നിയമമന്ത്രി സി. ഷൺമുഖത്തിനു തത്സ്ഥാനം നല്കി. നടനും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന രാമരാജൻ, തിയാഗു, സംവിധായകനും മുൻ എംഎൽഎയുമായ അരുൺപാണ്ഡ്യൻ എന്നിവരും പനീർശെൽവത്തെ ഫോണിൽവിളിച്ച് പിന്തുണ അറിയിച്ചു.