ശശികലയ്ക്കെതിരായ സുപ്രീംകോടതി വിധി ഇന്ന് രാവിലെ 10.30 ന്

ശശികലയുടെ മുഖ്യമന്ത്രി പദം സംബന്ധിച്ച്​ സൂചന

എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയായ വി കെ ശശികലയ്ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന് രാവിലെ 10.30 ന്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായിരുന്നു കേസിലെ ഒന്നാം പ്രതി. ജയലളിത മരണമടഞ്ഞ സാഹചര്യത്തില്‍ മറ്റ് പ്രതികളായ ശശികല, വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ബന്ധു ജെ ഇളവരശി എന്നിവര്‍ക്കെതിരായ കേസിലെ വിധിയാണ് പുറപ്പെടുവിക്കുന്നത്. കേസില്‍ ജയലളിതയെയും മറ്റുള്ളവരെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിന്റെ തീർപ്പാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസ് പി സി ഘോഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വത്തു സമ്പാദനക്കേസില്‍ നിർണ്ണായകമായ വിധി പ്രഖ്യാപിക്കുന്നതു.

ആറു മാസം മുമ്പ് കേസില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നതാണ്. തുടർന്ന് സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. പ്രതികൾ 67 കോടി രൂപയുടെ അനധികൃതസ്വത്ത് ജയലളിത 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോൾ സമ്പാദിച്ചതായാണ് ആരോപണം.