ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ അട്ടിമറി;തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്

election

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനും സുപ്രീം കോടതിയുടെ നോട്ടീസ്. ബിഎസ്പി നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കക്ഷി ചേര്‍ന്നിരുന്നു. വിവിപാറ്റ് നല്‍കാന്‍ ഉത്തരവിടാമെങ്കിലും അത് എല്ലായിടത്തും സാധ്യമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി. ചിദംബരം കോടതിയെ അറിയിച്ചു.

ഇന്ത്യയിലല്ലാതെ ലോകത്തെവിടെയും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഉപയോഗിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലും ജസ്റ്റിസ് ചേലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. എന്നാല്‍, ഈയിടെ നടന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ പ്രധാന ഹര്‍ജിക്കാരായ ബിഎസ്പി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും തീരുമാനത്തിന് കാത്തിരിക്കാന്‍ തയാറാണെന്നാണ് ബിഎസ്പി അറിയിച്ചതെന്നും കോടതി വ്യക്തമാക്കി.

അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇവിഎം യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും, ഭാവിയില്‍ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് വ്യക്താക്കുന്ന സ്ലിപ് ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനുകള്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് ബിഎസ്പി നേതാവ് അതാഉറഹ്മാന്‍ ഹരജി നല്‍കിയത്. വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ 2013ല്‍ സുപ്രിം കോടതി ഉത്തരവിട്ടുണ്ടെന്നും, ഇത് നപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബിഎസ്പിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി ചിദംബരം പറഞ്ഞു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ വോട്ടര്‍മാരുടെ വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള ഇടപെടല്‍ കോടതി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയക്കാന്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. മെയ് എട്ടിനകം വിഷയത്തില്‍ ഇരു കക്ഷികളും വിശീദകരണം നല്‍കണം. ഹര്‍ജിയില്‍ കോണ്‍ഗ്രസിന് വേണ്ടി കക്ഷി ചേരുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും, എഎം സിങ്‌വിയും കോടതിയെ അറിയിച്ചു.