യു.പിയില്‍ അടുത്ത വര്‍ഷം മുതല്‍ മഹാരഥന്മാരുടെ ജന്മദിനങ്ങളിലും ചരമദിനങ്ങളിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കുന്ന സമ്പ്രദായം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇങ്ങനെയുള്ള ദിവസങ്ങളിൽ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നൽകുന്നതിനു പകരം മഹാരഥന്മാരെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ലക്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇങ്ങനെയുള്ള ദിനങ്ങളിൽ മഹാരാഥന്മാരെക്കുറിച്ച് അറിയാനും മനസ്സിലാക്കാനുമായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. മഹദ് വ്യക്തികളുടെ ഓർമദിവസങ്ങളിൽ സ്കൂളുകൾ അടച്ചിടുന്നത് അത്തരമൊരു ദിവസം ആചരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് വിപരീത ഫലമാണ് ഉണ്ടാക്കുക. സർക്കാരിന്റെ പരിഗണനയിലുള്ള ഈ നയം നടപ്പിലായാൽ യുപിയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവധിദിനങ്ങളിൽ കാര്യമായ കുറവുണ്ടാകും. അവധി ഒഴിവാക്കിയാലും മുഴുവന്‍സമയ പ്രവൃത്തി ദിനമായിരിക്കില്ല.
അവധികളുടെ ആധിക്യം നിമിത്തം ഒരു വർഷം 220 പ്രവൃത്തിദിനങ്ങൾ വേണമെന്ന നിയമം കാറ്റിൽ പറത്തുകയാണ്. ഇരുനൂറിലധികം ദിവസങ്ങളെടുത്ത് പഠിപ്പിക്കേണ്ട കാര്യങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ അധ്യാപകർ നിർബന്ധിതരാവുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.