ചൈനീസ് അതിർത്തിയിൽ നിന്നും 100 കിലോ മീറ്റർ ആകാശദൂരമുള്ള പാലം മോദി ഉദ്ഘാടനം ചെയ്യുന്നു.

bridge near chinese border

ആസാമിൽ ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിർമ്മിച്ച രാജ്യത്തെ നദിക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 26ന് ഉദ്ഘാടനം ചെയ്യും. 60 ടൺ ഭാരമുള്ള യുദ്ധടാങ്കുൾ വരെ വഹിക്കാൻ കഴിയുന്ന പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്. എൻ.ഡി.എ സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് 9.15 കിലോമീറ്റർ ദൂരമുള്ള ദോള സാദിയ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ ഉയർന്നു വരുന്ന സുരക്ഷാ ഭീഷണി മറികടക്കാൻ സാധ്യമാകുന്ന പാലം ആസാമിലെയും അരുണാചൽ പ്രദേശിലെയും ജനങ്ങൾക്കുണ്ടായിരുന്ന യാത്രാതടസം നീക്കുന്നതിനു കൂടി ഉതകുന്നതാണ്. മുംബയിലുള്ള ബാന്ദ്ര വർളി പാലത്തേക്കാൾ 3.55 കിലോ മീറ്റർ ദൂരക്കൂടുതലുള്ള പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമെന്ന ബഹുമതിക്ക് അർഹമാകും. പാലം സൈനിക നീക്കത്തിനും സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കുന്നതിനുമായാണ് നിർമ്മിച്ചതെന്ന് ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വാർത്താ ഏജൻസിയോട് പറഞ്ഞു.

2011ൽ തുടങ്ങിയ പാലത്തിന്റെ നിർമ്മാണത്തിന് 950 കോടി രൂപ ചെലവായെന്നാണ് കണക്ക്. ചൈനീസ് അതിർത്തിയിൽ നിന്നും 100 കിലോ മീറ്റർ ആകാശദൂരമുള്ള പാലം ആസാമിന്റെയും അരുണാചൽ പ്രദേശിന്റെയും തലസ്ഥാനങ്ങൾക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള ഗതാഗതം ജലമാർഗമാണ്. എന്നാൽ പുതിയ പാലം വരുന്നതോടെ ആസാമിനും അരുണാപ്രദേശിലും ഇടയിലെ ദൂരം നാലുമണിക്കൂർ കുറയും. 2014ൽ മോദി അധികാരത്തിലെത്തിയ ശേഷമാണ് പാലത്തിന്റെ മുടങ്ങിക്കിടന്ന പണി വേഗത്തിലായതെന്നും സോനേവാൾ കൂട്ടിച്ചേർത്തു.