Friday, April 19, 2024
HomeNationalഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം

ഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം

ഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം വിവാദമായി. ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരാണ് ഗാന്ധിജിയുടെ പേരില്‍ വ്യാജ പത്രപരസ്യം നല്‍കിയത്. സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ പ്രചരണത്തിനായാണ് ഗാന്ധിജിയുടെ പടവും രാഷ്ട്രപിതാവ് പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ പേരില്‍ ചില വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് പരസ്യം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് അഭിയാന്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കി ഗാന്ധിജിയെ ഉപയോഗിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന വിരുദ്ധ പ്രചരണത്തിനായി സംസ്ഥാനത്തെ എല്ലാ പത്രങ്ങളുടേയും ആദ്യപേജില്‍ ഫുള്‍പേജ് പരസ്യം നല്‍കി ഗാന്ധിജിയെ അപമാനിച്ചത്. ഗാന്ധിജി ഒരിക്കലും പറയാത്ത വാചകങ്ങളാണ് അദ്ദേഹത്തിന്റേതെന്ന പേരില്‍ പത്ര പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മിഷിനറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനത്തെ ഗാന്ധിജി എക്കാലവും എതിര്‍ത്തിരുന്നുവെന്നും ആദിവാസികളെയും ദളിതുകളെയും മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ രാഷ്ട്രപിതാവ് നിലപാട് എടുത്തിരുന്നുവെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.
കയ്യില്‍ ഒരു വടിയും പിടിച്ച് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ചിത്രവും പരസ്യത്തിനൊപ്പമുണ്ട്. ഭഗവാന്‍ ബിര്‍സ മുണ്ട, കാര്‍ത്തിക് ഊരണ്‍ എന്നിവരുടെ സ്വപ്നം സാക്ഷാത്കാരത്തിനായി എന്നു പറഞ്ഞുകൊണ്ടാണ് പരസ്യവാചകം ആരംഭിക്കുന്നത്.
”പാപമോചനം ക്രിസ്തുമതത്തിലൂടെ മാത്രമേ സാധ്യമാകൂവെങ്കില്‍ എന്തുകൊണ്ട് ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്ക് എന്നില്‍ നിന്നോ മഹാദേവ് ദേശായിയില്‍ നിന്നോ തുടങ്ങിക്കൂടാ ? നിരക്ഷരരും പാവപ്പെട്ടവരും ആദിവാസികളുമായവരെ എന്തിനാണ് മതപരിവര്‍ത്തനത്തിന് സമ്മര്‍ദം ചെലുത്തുന്നത്. അവര്‍ക്ക് യേശുവും മുഹമ്മദും തമ്മിലുള്ള വ്യത്യാസമൊന്നും അറിയില്ല. നിങ്ങളുടെ പ്രസംഗം ഗ്രഹിക്കാനുള്ള അറിവും അവര്‍ക്കില്ല. അവര്‍ പശുക്കളെ പോലെ ഊമകളും പാവങ്ങളുമാണ്. അവരൊക്കെ പാവപ്പെട്ടവരും ദളിതരും ആദിവാസികളുമാണ്. അവരെ ക്രിസ്ത്യാനികളാക്കുന്നത് യേശുവിന് വേണ്ടിയല്ല. മറിച്ച് അരിക്കും വയറിനും വേണ്ടിയാണ്” ഇതായിരുന്നു ഗാന്ധിയുടേതെന്ന തരത്തില്‍ പരസ്യത്തിലുണ്ടായിരുന്ന വാചകങ്ങള്‍. പരസ്യത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ചിത്രവുമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments