റിസോര്‍ട്ട് ഉടമയും ജോലിക്കാരനും മൂന്നാര്‍ നടുപ്പാറയിൽ കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യം നടത്തിയത് ഒളിവില്‍ കഴിയുന്ന ബോബിന്‍ തന്നെയാണെന്ന് കസ്റ്റഡിയിലുള്ള ദമ്പതികളുടെ മൊഴി.റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച 200 കിലോ ഏലം വില്‍ക്കാനും ഒളിവില്‍ കഴിയാനും ബോബിന്‍ 25,000 രൂപ പ്രതിഫലം നല്‍കിയെന്നും ദമ്പതികൾ പോലീസിനോട് സമ്മതിച്ചു. അതേസമയം റിസോര്‍ട്ടുടമയായ ജേക്കബ് വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ശാന്തന്‍പാറ ചേരിയാര്‍ സ്വദേശികളായ എസ്രബേല്‍, കബില എന്നിവരാണ് ചോദ്യം ചെയ്യലില്‍ ബോബിന്‍റെ പങ്ക് സ്ഥിരീകരിച്ചത്. ദമ്പതികളുടെ അറസ്റ്റ് ഇന്ന് വൈകിട്ട് പോലീസ് രേഖപ്പെടുത്തിയേക്കും.
ഒളിവില്‍ പോയ ബോബിന് വേണ്ടി പോലീസ് തമിഴ്നാട്ടിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മോഷ്ടിച്ച ഉണക്ക ഏലക്കായ പൂപ്പാറയിലെ ഒരു കടയില്‍ വിറ്റിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എസ്റ്റേറ്റില്‍ നിന്നു കാണാതായ കാര്‍ മുരിക്കുംതൊട്ടി മരിയാഗൊരേത്തി പള്ളിയുടെ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.ചിന്നക്കനാല്‍ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വര്‍ഗീസ് പ്ലാന്റേഷന്‍സിന്റെയും റിഥംസ് ഓഫ് മൈ മൈന്‍ഡ് റിസോര്‍ട്ടിന്റെയും ഉടമ കോട്ടയം മാന്നാനം കൊച്ചാക്കല്‍ (കൈതയില്‍) ജേക്കബ് വര്‍ഗീസ് (രാജേഷ്-40), തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാല്‍ ടോപ് ഡിവിഷന് എസ്റ്റേറ്റില്‍ താമസക്കാരനായ മുത്തയ്യ (50) എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.