കീഴടങ്ങാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ശശികലയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ബെംഗലൂരു കോടതി ഉത്തരവില്‍ തിരുത്തല്‍ ഉണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശശികലയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ ബെംഗലൂരു കോടതി വിധിച്ചിരുന്നു.
ഇതോടെ ശശികല ഇന്ന് കീഴടങ്ങും. ഉച്ചയോടെ ബംഗളൂരു കോടതിയില്‍ കീഴടങ്ങാനാണ് ശശികലയുടെ തീരുമാനം . നാല് വര്‍ഷത്തെ തടവും 10 കോടി രൂപ പിഴയുമാണ് ശിക്ഷ. സുപ്രീംകോടതി വിധി പ്രഖ്യാപനത്തിനു ശേഷം കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും രാത്രിയോടെ ശശികല പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയലളിത പുറത്താക്കിയ മുന്‍ എംപിയും ശശികലയുടെ ബന്ധുവുമായ ദിനകരന് പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി. എടപ്പാടി പളനിസ്വാമിയെ കക്ഷി നേതാവാക്കിയിരുന്നു. 123 എം. എല്‍. എ. മാരുടെ ഒപ്പുമായി പളനിസ്വാമി സര്‍ക്കാര്‍ രൂപീകരിക്കണം എന്നാവശ്യപ്പെട്ടു ഗവര്‍ണറെയും കണ്ടിരുന്നു. കീഴടങ്ങുന്നതിനു മുൻപ് തന്റെ ബന്ധുക്കളെ പാർട്ടിയിൽ പ്രധാന സ്ഥാനങ്ങളിൽ തിരികെ കയറ്റി. കോടതി വിധിക്കോ യാതൊരു ശക്തിക്കോ തന്നെ പാർട്ടിയിൽ നിന്ന് വേർപിരിക്കാൻ കഴിയില്ല എന്ന് വിതുമ്പി കൊണ്ട് പറഞ്ഞു. ജയിലിൽ ആയിരുന്നാലും തനിക്കു പാർട്ടി എന്ന ചിന്ത മാത്രമേ ഉണ്ടാകൂ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു.
അതേസമയം പളനിസാമിയും സംഘവും ഗവർണറെ കണ്ടു മടങ്ങിയതിന് പിന്നാലെ പനീര്‍ശെല്‍വം പക്ഷക്കാരനായ രാജ്യസഭാ എം. പി. വി. മൈത്രേയനും മനോജ് പാണ്ഡ്യനും രാജ്ഭവനിലെത്തി. ഗവര്‍ണര്‍ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിക്ക് പുറമെ മുതിര്‍ന്ന നിയമവിദഗ്ധരായ മോഹന പരാസരന്‍, സോളി സൊറാബ്ജി എന്നിവരോട് നിയമോപദേശം തേടിയിട്ടുണ്ട് . ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.