നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശിക്കെതിരെ കേസ്

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സണ്ണിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നെഞ്ചിനും കൈക്കും ആഴത്തിലുള്ള മുറിവേറ്റ ബാബുരാജ് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അടിമാലിയിലെ ബാബുരാജിന്റെ റിസോര്‍ട്ടിന് സമീപം താമസിക്കുന്ന സണ്ണിയെ ചൊവ്വാഴ്ച രാത്രിയോടെയാണ് അടിമാലി പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം സണ്ണി വീടിന് സമീപത്തെ ഏലത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു.
ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടിന് സമീപത്തെ കുളത്തിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ ശ്രമം വാക്കുതര്‍ക്കത്തിനിട വരുത്തി. ഇതിനിടെ സണ്ണി വാക്കത്തികൊണ്ട് ബാബുരാജിന്റെ നെഞ്ചിലും കൈയ്ക്കും തോളിനും വെട്ടുകയായിരുന്നു.
അതേസമയം ബാബുരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടതുകൈയുടെ തോള്‍ഭാഗത്താണ് മുറിവേറ്റത്. കക്ഷം വരെ മുറിവുണ്ടെങ്കിലും ആഴത്തിലുള്ളതല്ല. ഞരമ്ബിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മുറിവ് തുന്നി കെട്ടിയത് മൂലമുള്ള പാട് മാറ്റാന്‍ ഡോ. ജിജിരാജ് കുളങ്ങരയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടിവരും.