ശശികല അഴി എണ്ണുവാൻ തുടങ്ങി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല ബംഗ്ലൂരു ജയില്‍ വളപ്പിലെ പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. മറീന ബീച്ചിലെത്തി ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശശികല ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങിയ ശശികലയെയും ഇളവരശിയെയും ജയിലിലേക്ക് മാറ്റി.
കൂട്ടുപ്രതിയായ ഇളവരശിയും കീഴടങ്ങാനെത്തി. വൈകുന്നേരം 5.15ഓടെയാണ് എ.ഐ.എ.ഡി.എം.കെ നേതാക്കളോടൊപ്പം പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ ശശികല എത്തിയത്. കനത്തസുരക്ഷയാണ് ജയില്‍ വളപ്പില്‍ ഒരുക്കിയിരുന്നത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ശശികല കീഴടങ്ങിയത്. സമയം നീട്ടി ചോദിച്ചെങ്കിലും അനുവദിച്ചില്ല. 2014ല്‍ 21 ദിവസം തടവില്‍ കഴിഞ്ഞ പരപ്പന അഗ്രഹാര ജയിലില്‍ തന്നെയാണ് ശശികലയെ പാര്‍പ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വനിതകള്‍ക്കായുള്ള ഏഴാം ബ്ലോക്കിലാണ് ശശികലയ്ക്കായുള്ള സെല്‍ തയ്യാറാക്കിയിരിക്കുന്നത്. ഒറ്റയ്ക്കുള്ള സെല്ലാണ് ശശികലക്ക് നല്‍കുന്നതെങ്കിലും പ്രത്യേക സൗകര്യങ്ങളൊന്നും അവര്‍ക്ക് നല്‍കില്ലെന്ന് കര്‍ണ്ണാടക ജയില്‍ അധികൃതർ അറിയിച്ചിട്ടുണ്ട്. സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. ശശികല ഉള്‍പ്പെടെയുള്ളവര്‍ക്ക് നാലുവര്‍ഷത്തെ തടവാണ് കോടതി വിധിച്ചിട്ടുള്ളത്. 10 കോടി രൂപ വീതം പിഴയും നല്‍കണം. അതിനിടെ ശശികലക്ക് മരുന്നും വസ്ത്രങ്ങളുമായി കര്‍ണ്ണാടകയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. വാഹനം ആക്രമിച്ചത് പനീര്‍ശെല്‍വ പക്ഷത്തുള്ളവരാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ ആരോപിക്കുന്നു.