വിവാഹശേഷം സ്ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ പേരുമാറ്റേണ്ടതില്ല

passport

വിവാഹശേഷം സ്ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ പേരുമാറ്റേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ മര്‍ച്ചന്റ്സ് ചേംബേഴ്സ് ലേഡീസ് വിങ് സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് മോദി ഇതുസംബന്ധിച്ചത് പറഞ്ഞത്.

സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച വിവിധ പദ്ധതികളെ കുറിച്ചും പരാമര്‍ശിച്ചു. ഉജ്വല പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ പാചകവാതകം സൗജന്യമായി വിതരണം ചെയ്തുതുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടി സ്ത്രീകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി ജനങ്ങളിലേക്ക് ഈ പദ്ധതിയുടെ ആനുകൂല്യം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

സ്ത്രീകള്‍ക്കുള്ള പ്രസാവവധി 26 ആഴ്ചയാക്കി വര്‍ധിപ്പിപ്പിച്ചു. ഗര്‍ഭിണികള്‍ക്ക് പ്രസവശുശ്രൂഷയ്ക്കായി ആറായിരം രൂപ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നൂതനസംരഭങ്ങളില്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ് ഇന്ന് സ്ത്രീകള്‍. സര്‍ക്കാര്‍ വായ്പാ പദ്ധതിയായ മുദ്രയുടെ ഗുണഭോക്താക്കള്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.