Friday, April 26, 2024
HomeKerala"പിണറായി വിജയനെ പേടിയാണെങ്കില്‍ ഇറങ്ങിപൊയ്ക്കോ " ഗവര്‍ണര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ...

“പിണറായി വിജയനെ പേടിയാണെങ്കില്‍ ഇറങ്ങിപൊയ്ക്കോ ” ഗവര്‍ണര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രൻ

“പിണറായി വിജയനെ പേടിയാണെങ്കില്‍ ഇറങ്ങിപൊയ്ക്കോ ” ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രൻ പരസ്യമായി ഗവര്‍ണറെ അധിക്ഷേപിച്ച് സംസാരിച്ചത് ഇങ്ങനെയാണ്. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പദവിയില്‍നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ബിജെപി. ജനറല്‍ സെക്രട്ടറി ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ പരാമർശിച്ചത്. കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റില്‍ ഗവര്‍ണറെ ഇടനിലക്കാരനെന്നു വിളിച്ച്
ബിജെപി ജനറല്‍ സെക്രട്ടറിയായ എം ടി രമേശും ആക്ഷേപിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജു പയ്യന്നൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗത്തിലായിരുന്നു ശോഭ സുരേന്ദ്രന്‍ ഗവര്‍ണ്ണറെ അധിക്ഷേപിച്ചത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ തലകുനിച്ച് നിന്ന്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്ന് പറയാനാണ് ഗവര്‍ണ്ണറുടെ ഭാവമെങ്കില്‍ ആ കസേരയില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നായിരുന്നു ശോഭയുടെ ആക്രോശം. തന്റേടമുണ്ടെങ്കില്‍, ഗവര്‍ണ്ണര്‍ എന്ന പദവിയോട് അല്‍പ്പമെങ്കിലും സാമാന്യമര്യാദയും നീതിബോധവും അങ്ങേക്കുണ്ടെങ്കില്‍, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണമെന്നാണ് പറയാനുള്ളതെന്നും ശോഭ പറയുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി അദ്ദേഹം നിയമാനുസരണം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതാണ് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്. തങ്ങളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റില്‍ എം ടി രമേഷ് ഗവര്‍ണറെ അധിക്ഷേപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മേല്‍വിലാസം അറിയാത്തതുകൊണ്ടല്ല തങ്ങള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയതെന്നും ഫേസ്ബുക് പോസ്റ്റില്‍ ആക്ഷേപിച്ചു. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതാണ് രാജ്യത്തെ അറിയപ്പെടുന്ന നിയമജ്ഞരിലൊരാളും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവത്തിനെതിരെ പരസ്യമായ കടന്നാക്രമണത്തിന് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ജസ്റ്റിസ് സദാശിവത്തിന്റെ ശൈലിയോട് ബിജെപി സംസഥാന നേതൃത്വം പൊതുവെ അതൃപ്തരാണ്. ഫെഡറല്‍ മൂല്യങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുതയും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവര്‍ത്തനങ്ങളെ ഒരു പൊതുപരിപാടിയില്‍ വെച്ച് ഗവര്‍ണ്ണര്‍ പ്രകീര്‍ത്തിച്ചതും ബിജെപി നേതാക്കളുടെ അതൃപ്തിക്ക് കാരണമാണ്.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് തുടര്‍ന്നാല്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സുനില്‍യാദവ് ഭീഷണി മുഴക്കി. കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്തുന്ന സിപിഐ എമ്മിന്റെ നേതാക്കള്‍ ബിജെപിയുടെ ശക്തി ശരിക്കും മനസ്സിലാക്കേണ്ടി വരുമെന്നും സുനില്‍യാദവ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments