‘വാണക്രൈ ബാധ’ ഇന്ത്യയിൽ കംപ്യൂട്ടറുകളെ പിടികൂടുവാൻ സാധ്യത

hacker

റാന്‍സംവയര്‍ വൈറസ് ‘വാണക്രൈ ബാധ’ ഇന്ത്യയിൽ കംപ്യൂട്ടറുകളെ പിടികൂടുവാൻ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷ ഏജന്‍സി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ കണ്ടെത്തല്‍. നൂറിലധികം രാജ്യങ്ങളിലെ കംപ്യൂട്ടറുകളെ റാന്‍സംവേര്‍ വൈറസ് ബാധിച്ചിരുന്നു. യുകെ, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, യുക്രെയ്ന്‍, തായ്‌വാന്‍ തുടങ്ങിയ 99 തോളം രാജ്യങ്ങളിലെ 45,000 കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യയില്‍ അതീവ ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്

“കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്കുകളില്‍ കയറിപ്പറ്റുന്ന വാണക്രൈ എന്ന റാന്‍സംവേര്‍ വൈറസ് സമാന്തരമായി കംപ്യൂട്ടര്‍ശൃംഖലയിലേക്ക് പടരുകയാണ് ചെയ്യുന്നത്. ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കുകളെ ബാധിക്കുന്ന വാണക്രൈ കംപ്യൂട്ടറുകളെ തുറക്കാന്‍പോലും പറ്റാത്തവിധം നിശ്ചലമാക്കും. ഇ-മെയിലുകള്‍വഴിയാണ് വൈറസ് എത്തുന്നത്.”- ഏജന്‍സി വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെയാണ് ‘വാണക്രൈ’ പിടികൂടുന്നത്. ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, ടെലികോം മേഖല, ഓഹരിവിപണി എന്നീ പ്രധാന മേഖലകള്‍ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ വലിയ തോതിലുള്ള ആക്രമണം നടന്നതായുള്ള വിവരമൊന്നും ഇന്ത്യന്‍ സൈബര്‍ സുരക്ഷാ യൂണിറ്റിന് ലഭിച്ചിട്ടില്ല. എങ്കിലും സര്‍ക്കാര്‍ ഏജന്‍സികളും പൊതു ഉപയോഗ സംവിധാനങ്ങളും കരുതിയിരിക്കണമെന്ന് നിര്‍ദേശമുണ്ട്. എല്ലാ കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ക്കും സുരക്ഷാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബഹ്ല്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് കൈമാറിയ വൈറസിനെതിരെയുള്ള സോഫ്റ്റ്വെയര്‍ സെക്യൂരിറ്റി പാച്ച് ഉപയോഗിച്ചവര്‍ പേടിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.

പഴയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് 8, വിന്‍ഡോ സര്‍വര്‍ 2003 എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ മൈക്രോസോഫ്റ്റ് പുതുക്കിയിട്ടുണ്ട്.
ആന്ധ്ര പൊലീസിന്റെ നൂറിലധികം കംപ്യൂട്ടറുകളെ വൈറസ് പിടികൂടിയത് കംപ്യൂട്ടറുകളെ ശൃംഖലയില്‍നിന്ന് ഒഴിവാക്കി പരിഹരിച്ചിട്ടുണ്ട്. അതേസമയം, മൈക്രോസോഫ്റ്റിന്റെ പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഇന്ത്യയിലെ കൂടുതല്‍ കംപ്യൂട്ടറുകളെ വൈറസ് പിടികൂടുമോ എന്നതാണ് വിദഗ്ധരുടെ ഭയം.

ഇന്ത്യന്‍ സൈബര്‍ സുരക്ഷ
ഏജന്‍സിയുടെ
ജാഗ്രതാനിര്‍ദേശങ്ങള്‍
* കംപ്യൂട്ടര്‍ ഡാറ്റ ബേസില്‍നിന്ന് വിവരങ്ങള്‍
ചിതറിപ്പോകുന്നുണ്ടോ എന്നു പതിവായി ശ്രദ്ധിക്കുക.
* ശേഖരിച്ചുവച്ച കംപ്യൂട്ടര്‍ ഫയലുകള്‍ പരിശോധിക്കുക.
* രഹസ്യകോഡിലെഴുതിയ വിവരങ്ങള്‍ ശ്രദ്ധിക്കുക.
* ആവശ്യപ്പെട്ടിട്ടില്ലാത്തതും വരാന്‍ സാധ്യതയില്ലാത്തതുമായ ഇ- മെയിലുകള്‍ അറിയാവുന്ന ആളുകളില്‍നിന്ന് വന്നാല്‍പ്പോലും ശ്രദ്ധിക്കണം. ഇതില്‍ വരുന്ന വെബ് വിലാസം  അറിയാവുന്നതാണെങ്കില്‍പ്പോലും ക്ളിക്ക് ചെയ്യരുത്. അറിയാവുന്നതാണെങ്കില്‍ ക്ളിക്ക് ചെയ്യാതെ ഇന്റര്‍നെറ്റുവഴി വെബ്വിലാസം പരിശോധിക്കാം.
* വാണക്രൈ വൈറസ് കംപ്യൂട്ടറുകളെ പിടികൂടുകയും ബന്ദിയാക്കുകയുമാണ് ചെയ്യുന്നത്. ഇതൊഴിവാക്കി നല്‍കാന്‍ മോചനദ്രവ്യമായി 300 യുഎസ് ഡോളറാണ് ആവശ്യപ്പെടുന്നത്. ‘വാണക്രൈ ബാധ’ ശ്രദ്ധയില്‍പ്പെട്ടാല്‍ മോചനദ്രവ്യം നല്‍കരുത്. സൈബര്‍ സുരക്ഷ ഏജന്‍സിയെയോ ലോ എന്‍ഫോഴ്സ്മെന്റിനെയോ അറിയിക്കുക.
* വൈറസ് ബാധയ്ക്കെതിരെ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാം.