വാണക്രൈ സൈബര്‍ ആക്രമണം : രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും

atm

വാണക്രൈ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍ അടയ്ക്കും. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി.
എടിഎമ്മുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനം 2.25 ലക്ഷം എടിഎമ്മുകള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. ഫലത്തില്‍ വാണക്രൈ സൈബര്‍ ആക്രമണം ഇടപാടുകരെയും വലയ്ക്കുകയാണ്.

കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മുകളുടെ പ്രവര്‍ത്തനം ഇതിനോടകം നിര്‍ത്തിവെച്ച് കഴിഞ്ഞു. ലോകത്താകമാനം ഇതുവരെ രണ്ട് ലക്ഷം കംപ്യൂട്ടറുകള്‍ വാണക്രൈ ആക്രമണത്തില്‍ തകരാറിലായതായാണ് കണക്ക്. കേരളത്തില്‍ വയനാട്ടിലെ തരിയോട് പഞ്ചായത്തിലും പത്തനം തിട്ടയിലെ അരുവാപ്പുലത്തും വാണക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.തരിയോട് പഞ്ചായത്ത് ഓഫീസിലെ 4 കംപ്യൂട്ടറുകളാണ് തകരാറിലായത്. ഇവിടെ ആകെയുള്ള 10 കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റമുള്ള 4 കംപ്യൂട്ടറുകളാണ് തകരാറിലായിരിക്കുന്നത്.കംപ്യൂട്ടറിലെ ഫയലുകള്‍ തിരികെ നല്‍കാന്‍ 300 ഡോളറിന്റെ ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിച്ച് കളയുമെന്നും കംപ്യൂട്ടറുകള്‍ തകര്‍ക്കുമെന്നും ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ട്. പത്തനം തിട്ട അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെ കംപ്യൂട്ടറുകളും സമാന രീതിയില്‍ വൈറസ് ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഇതുവരെ 150 രാജ്യങ്ങളിലായി ഒരു ലക്ഷം സ്ഥാപനങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ട്.

കരയണം എര്‍ത്ഥമുള്ള വാണക്രൈ എന്ന പേരിലുള്ള റാന്‍സംവെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ആക്രമിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്ന രീതിയാണ് സൈബര്‍ ക്രിമിനലുകള്‍ നടത്തിവരുന്നത്. ആന്ധ്ര പൊലീസിന്റെ 102 കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.അമേരിക്കന്‍ ദേശീയ സുരക്ഷ ഏജന്‍സിയില്‍ നിന്ന് കൈക്കലാക്കിയ സൈബര്‍ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കംപ്യൂട്ടറുകള്‍ തകര്‍ത്തതെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.