Wednesday, December 11, 2024
HomeKeralaകൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദം; ശ്രീധരന്‍ പ്രതികരിച്ചു

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദം; ശ്രീധരന്‍ പ്രതികരിച്ചു

മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി മാത്രമാണ് താനെന്നും ശ്രീധരന്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയാണ് പ്രധാനം. അദ്ദേഹത്തിന്റെ സുരക്ഷാ ഏജന്‍സി തീരുമാനിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കണം. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചി മെട്രോ പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ക്ഷണിക്കേണ്ട സാഹചര്യമില്ല. മലയാളികള്‍ ഉത്സവമാക്കേണ്ട ചടങ്ങാണ് 17ന് നടക്കാനിരിക്കുന്നത്. അനാവശ്യ വിവാദമുണ്ടാക്കി അതിന് മങ്ങലേല്‍പ്പിക്കരുതെന്ന് ശ്രീധരന്‍ പറഞ്ഞു.
അതേസമയം, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയുമുണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു. കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള നിര്‍മാണത്തിന് കെ.എം.ആര്‍.എല്‍ പൂര്‍ണ പര്യാപ്തമായി കഴിഞ്ഞെന്നും രണ്ടാംഘട്ടം കെ.എം.ആര്‍.എല്‍ തന്നെ ചെയ്യുമെന്നും ശ്രീധരന്‍ പ്രതികരിച്ചു. തന്റെയും ഡിഎംആര്‍സിയുടെയും ആവശ്യം ഇനി വരുന്നില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനിടെ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. അതിനാല്‍ അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ക്ഷണിച്ചില്ലെങ്കിലും ഉദ്ഘാടന ചടങ്ങ് കാണാന്‍ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ മെട്രോയുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. ഉദ്ഘാടന ശേഷം മെട്രോ സര്‍വീസ് നടത്തുന്ന മുഴുവന്‍ പാതയും ശ്രീധരന്‍ വിശദമായി പരിശോധിച്ചു. ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണമെന്നു വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയില്‍ നിന്നാണ് ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പി.ടി തോമസ് എന്നിവരെ ഒഴിവാക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് ശ്രീധരന്റെ പ്രതികരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments