അടച്ചിട്ട മൂത്രപ്പുരയ്ക്കുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം

അടച്ചിട്ട മൂത്രപ്പുരയ്ക്കുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം. കാസര്‍കോട്ടെ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് (ജി.എച്ച്.എം.) കൂട്ടായ്മയാണ് വേറിട്ട സമരവുമായി രംഗത്തെത്തിയത്. വെള്ളമില്ലാത്തതിന്റെ പേരില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെയും അറ്റകുറ്റപ്പണിയുടെ പേരില്‍ പഴയ ബസ്സ്റ്റാന്‍ഡിലെയും മൂത്രപ്പുരകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പരസ്യമായി മൂത്രമൊഴിക്കുമെന്ന് ജി.എച്ച്.എം. പ്രഖ്യാപിച്ചപ്പോള്‍തന്നെ പുതിയ ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുര അധികൃതര്‍ തുറന്നു. എന്നാല്‍, അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ട പഴയ ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുര ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ഉദ്ഘാടനംചെയ്ത പഴയ ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയാണ് അധികൃതരുടെ അനാസ്ഥകാരണം വൃത്തിഹീനമായത്. മൂത്രപ്പുരയുടെ ചുമതല രണ്ട് ജീവനക്കാരെ ഏല്‍പ്പിച്ചിരുന്നു. എന്നിട്ടും വൃത്തിയില്ലാത്തതിന്റെയും അറ്റകുറ്റപ്പണിയുടെയും പേരില്‍ ദിവസങ്ങളോളമായി അടച്ചിട്ട് ജനങ്ങളെ വലച്ചതില്‍ പ്രതിഷേധിച്ചാണ് ജി.എച്ച്.എം. പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം സംഘടിപ്പിച്ചത്.