ബോംബ് ഭീഷണിയും വിമാന റാഞ്ചല്‍ ഭീഷണിയും; പ്രധാന വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

airport security

വിമാനം റാഞ്ചാന്‍ ഒരുങ്ങുന്നവരില്‍ 23 പേര്‍ ഉണ്ടെന്നും ആറംഗ സംഘമാണ് ഗൂഢാലോചന നടത്തിയതെന്നും സന്ദേശം

ബോംബ് ഭീഷണിയും വിമാന റാഞ്ചല്‍ ഭീഷണിയും ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചതായാണ് ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈ എയര്‍പോര്‍ട്ടിലാണ് അജ്ഞാത സ്ത്രീയുടെ ഇമെയില്‍ സന്ദേശം ലഭിച്ചത്. വിമാനം റാഞ്ചാന്‍ ഒരുങ്ങുന്നവരില്‍ 23 പേര്‍ ഉണ്ടെന്നും ആറംഗ സംഘമാണ് ഗൂഢാലോചന നടത്തിയതെന്നും മെയില്‍ പറയുന്നു. വിമാനത്താവളത്തിന്റെ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, ഭീകരര്‍ വിമാനം റഞ്ചാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍  വിമാനത്താവളങ്ങളിലെ സുരക്ഷ ഏഴ് മടങ്ങ് വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങളിലെ സന്ദര്‍ശകരുടെ പ്രവേശനം പരിമിതപ്പെടുത്തി. യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകള്‍ അടക്കമുള്ള ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സുരക്ഷാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ സുരക്ഷ ഉദ്യോഗസ്ഥരോട് പരമാവധി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീഷണിയെത്തുടര്‍ന്ന് മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹിയടക്കമുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും മെട്രോകളിലും സുരക്ഷ ശക്തമാക്കി.