യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദം കയ്യാളുന്നതിന്റെ നിയമ സാധുത ചോദ്യം ചെയ്ത് പൊതുതാല്‍പര്യ ഹര്‍ജി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നിയമനവും അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. പൊതുപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മ്മയാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ലോക്‌സഭാംഗമെന്ന നിലയില്‍ ശമ്പളവും ആനുകൂല്യങ്ങളും സ്വീകരിച്ച് സംസ്ഥാന ഭരണം കയ്യാളുന്നത് നിയമ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഇരുവരെയും അയോഗ്യരായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. 1959 ലെ അയോഗ്യതാ നിയമത്തിന്റെ ലംഘനമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറുന്നതെന്നും സഞ്ജയ് ശര്‍മ ചൂണ്ടിക്കാട്ടുന്നു.
ഇരുവരും പാല്‍ലമെന്റ് അംഗത്വം രാജി വെയ്ക്കാത്തത് ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസില്‍ നിലപാട് അറിയിക്കാന്‍ അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചിട്ടുമുണ്ട്. കേസ് മെയ് 24 ന് വീണ്ടും പരിഗണിക്കും.യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നും കേശവ് പ്രസാദ് മൗര്യ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുമുള്ള ലോക്‌സഭാ എംപിയാണ്.