ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഡൽഹി സെക്രട്ടറിയേറ്റിലെ 90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്നും ഡൽഹിയുടെ വികസനം സെക്രട്ടറിയേറ്റിൽ തടസപ്പെട്ടിരിക്കുകയാണെന്നും കേജരിവാൾ കുറ്റപ്പെടുത്തി. ഉൗർജ വകുപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ല. അവർ ഫയലുകൾ പിടിച്ചുവയ്ക്കുന്നു- ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ ചെയർമാനെന്ന നിലയിൽ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള തന്റെ നീക്കത്തെ എതിർക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ചൂണ്ടിക്കാട്ടി കേജരിവാൾ കുറ്റപ്പെടുത്തി.
കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തെ എതിർക്കുന്ന ഉദ്യോഗസ്ഥർ ഉയർത്തുന്ന വാദം, സ്ഥിരപ്പെടുത്തിയാൽ കരാർ തൊഴിലാളികൾ പണിയെടുക്കില്ല എന്നാണ്. അങ്ങനെയെങ്കിൽ 90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ല എന്നാണു താൻ മനസിലാക്കുന്നതെന്നും കേജരിവാൾ പറഞ്ഞു.
കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിജ്ഞാപനം ലഫ്.ഗവർണർക്ക് അയയ്ക്കാൻ തൊഴിൽ വകുപ്പിനോടു നിർദേശിച്ച കേജരിവാൾ, വിജ്ഞാപനം ഗവർണർ നിരസിച്ചാൽ അതിന്റെ കാരണം വിശദീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും പറഞ്ഞു. ഒരേ തൊഴിലെടുക്കുന്ന എല്ലാവർക്കും ഒരേ വേതനം നൽകണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.