സുനന്ദാപുഷ്‌കര്‍ മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം

citinews

ശശി തരൂരിന്റെ ഭാര്യ സുനന്ദാപുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഇന്ന് മൂന്നു വര്‍ഷം.

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ 2014 ജനുവരി 17-ന് രാത്രിയാണ്സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തിരുവനന്തപുരത്ത് ചില പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയും പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തില്‍ ഉല്ലാസവതിയായി പങ്കെടുക്കുകയും ചെയ്ത സുനന്ദാപുഷ്‌കര്‍ മൂന്നുദിവസത്തിനുള്ളില്‍ ലീലാ പാലസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് ലോകം കേട്ടത്.

മൃതശരീരത്തില്‍ പതിനഞ്ചോളം മുറിവുകള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിച്ചു. വിഷാംശം ഉള്ളിലില്ലയെന്ന ഓട്ടോപ്‌സി റിപ്പോര്‍ട്ട് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. കശ്മീരി ബോമൈ സ്വദേശിനിയായ  സുനന്ദയെ ശശി തരൂര്‍ വിവാഹം ചെയ്തത് 2010 ഓഗസ്റ്റിലാണ്.  കശ്മീരിയായ സഞ്ജയ് റെയ്‌നയെയായിരുന്നു ആദ്യ ഭർത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തിൽ മരിച്ചു. മൂന്നാം വിവാഹമായിരുന്നു സുനന്ദയുടെയും  ശശി തരൂരിന്റെയും .

ദുബായിലെ ടീകോം ഇൻവെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്‌പോർട്‌സ് വേൾഡിന്റെ സഹ ഉടമയുമായിരുന്നു സുനന്ദ. ദുബായില്‍ 93 കോടി രൂപ വില മതിക്കുന്ന 12 അപ്പാര്‍ട്ട്‌മെന്റുകള്‍ സുനന്ദയ്ക്കുണ്ടായിരുന്നു . കാനഡയിലെ ഒണ്ടേറിയോയില്‍ മൂന്നരക്കോടിയുടെ വീട്, കശ്മീരില്‍ സ്ഥലം എന്നിവയും അവർക്കു ഉണ്ടായിരുന്നു.മോഹിപ്പിക്കുന്ന സൗന്ദര്യവും അസൂയപ്പെടുത്തുന്ന സൗകര്യങ്ങളും എന്നും സുനന്ദാ പുഷ്‌കറിന് ഒപ്പമുണ്ടായിരുന്നെങ്കിലും ഒടുവിൽ ദുരൂഹമായ രീതിയിൽ മരണത്തിനു കീഴടങ്ങി.
മാരകമായ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വ്യക്തമാക്കിയതിനെ തുടര്‍ന്നു കൊലക്കുറ്റത്തിന് കേസെടുത്തിരുന്നെങ്കിലും എഫ്.ഐ.ആറില്‍ ആരുടെ പേരി ല്ലായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനകം ഭാര്യ അസ്വാഭാവിക മരണത്തിനിരയായാല്‍ ഇന്ത്യന്‍ നിയമപ്രകാരം സ്വീകരിക്കേണ്ട ഒരു നടപടിയും ഈ കേസിൽ ഉണ്ടായിട്ടില്ല. ഡല്‍ഹി പോലീസിനെ വട്ടം കറക്കിയ കേസ് എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.