അവകാശപോരാട്ടങ്ങളുടെ മണ്ണിൽ ഇനി ഒരാഴ്‌ച സർഗ്ഗവസന്തത്തിൻ ദിനരാത്രങ്ങൾ. 57 മതു സംസ്ഥാനസ്‌കൂൾ കലോത്സവം മുഖ്യ വേദിയായ ‘നിള’ യിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തപ്പോൾ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിന് ഇവിടെ വർണാഭമായ തുടക്കം.
സംസ്ഥാന സ്‌കൂൾ കലോത്സവം : ഉത്‌ഘാടനം
കലോത്സവങ്ങളെ കൂടുതൽ ജനകീയവും സുതാര്യവും ആക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ നന്മയുടെ കലാകാരന്മാരാക്കുന്നതിനു പകരം അവരിൽ അനാരോഗ്യകരമായ മത്സരചിന്തകൾ കുത്തിനിറക്കരുതെന്നും ആഹ്വാനം ചെയ്തു. കുട്ടികളുടെ ആത്മപ്രകാശം എന്നതിലുപരി ഒരു ജനതയുടെ സംസ്കാരത്തെ പരിപോഷിപ്പിക്കുന്ന ധർമ്മമാണ് കല നിർവഹിക്കുന്നതു. അന്യം നിന്ന് പോയ കലകൾക്ക് പുനർജീവൻ നൽകുകയെന്നത് ഈ മേളയുടെ ദൗത്യമാകണം. പരിശീലനം നേടുന്ന ഇനങ്ങളിൽ മികച്ച സംഭാവന നൽകാൻ കഴിയുമെന്ന ആത്മവിശ്വസം കൊച്ചുകലാകാരന്മാർക്കുണ്ടാകണം. ആവിഷ്കാര സ്വാതത്ര്യത്തിനെതിരെ ശക്തമായ ആക്രോശങ്ങൾ ഉയരുന്ന ഈ കാലയളവിൽ സമൂഹ പുരോഗതിയുടെ ചാലക ശക്തികളായി എഴുത്തുകാരും കലാകാരന്മാരും മാറണമെന്നും പിണറായി പറഞ്ഞു. മലയാളത്തിൻറെ വാനമ്പാടിയായ കെ എസ് ചിത്ര മുഖ്യാതിഥിയായിരുന്നത് വേദിക്കു ഉണർവ്വേകി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ , എ. കെ. ശശീന്ദ്രന്‍ , എം. പി. മാരായ പി. കെ. ശ്രീമതി , കെ. കെ. രാഗേഷ് , മുല്ലപ്പള്ളി രാമചന്ദ്രൻ , പ്രൊഫ. റിച്ചാർഡ് ഹേ , എം. എൽ. എ. മാരായ ടി. വി. രാജേഷ് , അഡ്വ. സണ്ണി ജോസഫ് , ജെയിംസ് മാത്യു , എ. ൻ. ഷംസീർ , സി. കൃഷ്‌ണൻ , ജില്ലാ കളക്ടർ മീർ മുഹമ്മദലി , ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കെ. വി. സുമേഷ്, മേയർ ഇ. പി. ലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.